Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ വിദാംശങ്ങൾ നോക്കാം

Published

on

pinarayi vijayan

സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,07,096 പരിശോധനകള്‍ നടത്തി. ആകെ ചികിത്സയിലുള്ളത് 134001 പേരാണ്. കോവിഡ് മൂലം 173 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 ശതമാനമാണ്. നേരിയ കുറവുണ്ടായി. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുന്നുണ്ട്. ടിപിആര്‍ ചെറിയ തോതിലേ കുറയുന്നുള്ളൂ. അത് എത്രയും വേഗം പത്തു ശതമാനത്തിലേക്കും അതിനു താഴെയും എത്തിക്കലാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

കൂടുതല്‍ രോഗികള്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടണം. നിയന്ത്രണം കര്‍ക്കശമായി നടപ്പാക്കണം. ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട് ജില്ലയില്‍ വീടുകളില്‍ രോഗം ബാധിച്ചവരെ സി എഫ് എല്‍ റ്റി സി കളിലും മറ്റും എത്തിക്കുന്നത്തിന് മികച്ച രീതി നടപ്പാക്കുന്നുണ്ട്. ആ മാതൃക സംസ്ഥാനത്താകെ പിന്തുടരാവുന്നതാണ്.

ജൂണ്‍ 16 കഴിഞ്ഞാല്‍ സെക്രട്ടേറിയറ്റിലും മറ്റും സ്വാഭാവികമായി കൂടുതല്‍ ജീവനക്കാര്‍ എത്തെണ്ടിവരും. അതുകൊണ്ട് അവരുടെ വാക്സിനേഷന്‍ ഉറപ്പാക്കും. മന്ത്രിമാരുടെ സ്റ്റാഫംഗങ്ങള്‍ക്കും സെക്രട്ടറിയേറ്റിലെ മുഴുവൻ ജീവനക്കാർക്കും വാക്സിനേഷന് മുന്‍ഗണനല്‍കും.

നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ്. അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണം.

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ ഇതുവരെ നല്‍കിയിട്ടുണ്ട്.
ആവശ്യത്തിന് വാക്സിന്‍ കേന്ദ്രം തരുമെന്ന പ്രതീക്ഷയില്‍ നടപടികള്‍ നീക്കുകയാണ്. വാക്സിന്‍ സ്റ്റോക്ക് വെക്കാതെ കൊടുത്ത് തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ മികച്ച നിലയില്‍ തന്നെ പ്രവര്‍ത്തിക്കുകയാണ്. കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നൂറ്റിനാല് വയസ്സുകാരി ജാനകിയമ്മ രോഗമുക്തി നേടിയത് ആ മികവിന്‍റെ ഒരുദാഹരണമാണ്. ഐ.സി.യു.വില്‍ ഉള്‍പ്പെടെ 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിട്ടത്.

കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വകഭേദങ്ങളെ അവ ഉത്ഭവിച്ച രാജ്യങ്ങളുടെ പേരിട്ട് വിളിക്കുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്കൊണ്ട് വൈറസ് വകഭേദങ്ങള്‍ക്ക് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിങ്ങനെ പേരു നല്‍കിയിരിക്കുകയാണ്.
വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്. മറ്റ് സംസ്ഥാനങ്ങളിലാരംഭിച്ച് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ടാം തരംഗത്തിന്‍റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റാ വൈറസുകളാണ്. വാക്സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഡെല്‍റ്റാ വൈറസിന് കഴിയും. എങ്കിലും രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല.
നേരത്തെ ഒരാളില്‍ നിന്നും 2 – 3 പേരിലേക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് 5-10 പേരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഇരട്ട മാസ്ക് ധരിക്കുന്നതിന് പുറമേ ആഹാരം കഴിക്കാനും മറ്റും മാസ്ക് നീക്കം ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുമായി ശരീരദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ചെറിയ കൂടിച്ചേരലുകള്‍ പോലും കഴിവതും ഒഴിവാക്കണം. പുറമേ പോയി എത്തുന്നവര്‍ വീട്ടിനുള്ളിലും മാസ്ക് ധരിക്കണം. ഒരുമിച്ചിരുന്നുള്ള ആഹാരം, കുടുംബസമേതമോ കൂട്ടായോ ഉള്ള ടിവി കാണല്‍ ഇവ ഒഴിവാക്കണം. മാസ്ക് ധരിക്കാനും ശരീര ദൂരം പാലിക്കാനും വാക്സിന്‍ എടുത്തവരും ശ്രദ്ധിക്കേണ്ടതാണ്. അവരിലും വീണ്ടും കോവിഡ് പരത്താന്‍ (ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍) ഡെല്‍റ്റാ വൈറസിന് കഴിയും. അവരിലൂടെ മറ്റുള്ളവരിലേക്ക് രോഗാണു വ്യാപിക്കാനും സാധ്യതയുണ്ട്. മറ്റ് രോഗമുള്ളവരിലാണ് കൂടുതലും രോഗബാധയുണ്ടാകുന്നതും അസുഖം മൂര്‍ച്ചിച്ച് മരണമുണ്ടാകുന്നതും. വാക്സിന്‍ എടുത്താല്‍ പോലും പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുടെ ചികിത്സ മുടങ്ങാതെ തുടരേണ്ടതാണ്.

രണ്ടാമത്തെ തരംഗത്തിനും മൂന്നാമത്തെ തരംഗത്തിനുമിടയിലെ ഇടവേളയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പല രാജ്യങ്ങളിലും പല ദൈര്‍ഘ്യങ്ങളാണ് ഈ ഇടവേളകള്‍ക്കുണ്ടായിരുന്നത്. ബ്രിട്ടണില്‍ ഉണ്ടായത് 2 മാസത്തെ ഇടവേളയായിരുന്നു. ഇറ്റലിയില്‍ 17 ആഴ്ചയും അമേരിക്കയില്‍ 23 ആഴ്ചയുമായിരുന്നു അത്. കേരളത്തില്‍ മൂന്നാമത്തെ തരംഗത്തിനു മുന്‍പുള്ള ഇടവേള പരമാവധി ദീര്‍ഘിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പെട്ടെന്നു തന്നെ അടുത്ത തരംഗമുണ്ടാവുകയും അത് ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്താല്‍ മരണങ്ങള്‍ കൂടുതലായി സംഭവിക്കാം. അതുകൊണ്ട് ലോക്ഡൗണ്‍ ഇളവുകള്‍ ശ്രദ്ധാപൂര്‍വം മാത്രം നടപ്പിലാക്കാനും ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡ് മാനദണ്ഡങ്ങള്‍ തുടരാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്തിനുള്ളില്‍ ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ശാക്തികരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകും.

കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ലോക്ഡൗണ്‍ നീട്ടിയതെന്തിനാണെന്ന സംശയം പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഏകദേശം ഒരേ നിലയില്‍ തുടരുന്ന സാഹചര്യമുണ്ടായി എന്നതാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. വൈറസ് സാന്ദ്രത കുറച്ചുകൊണ്ട് വന്നില്ലെങ്കില്‍ രോഗവ്യാപനം വീണ്ടുമുയരാന്‍ സാധ്യത കൂടുതലാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തില്‍ കൂടുതലായതിനാല്‍ വൈറസ് സാന്ദ്രത കുറച്ചുകൊണ്ടു വരിക എന്നത് അതിപ്രധാനമാണ്. അതുകൊണ്ടാണ് ലോക്ഡൗണ്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.

ഇവിടെ ഒരുകാര്യം കൂടി സൂചിപ്പിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പലവട്ടം ചര്‍ച്ചചെയ്തിട്ടുള്ളതാണ്. ആ രീതി ചില മാധ്യമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. എല്ലാ തരം മാധ്യമങ്ങളും അങ്ങനെയുള്ള പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

മൂന്നാം തരംഗത്തിന്റെ ഭാഗമായി കുട്ടികളുടെ രോഗബാധ സംബന്ധിച്ച കാര്യത്തില്‍ പലതരത്തിലുള്ള പ്രചരണം നടക്കുന്നതിനാല്‍ കുടുംബങ്ങളില്‍ വേവലാതി ഉണ്ട്. അത്തരം ആശങ്കയുടെ അവസ്ഥ ഇപ്പോൾ നിലവിലില്ല. അതിനെ പ്രതിരോധിക്കാൻ വിപുലമായ പരിപാടികളാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്.

പീഡിയാട്രിക് ഐസിയു കാര്യത്തില്‍ നല്ല വര്‍ധന ഉണ്ടാക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. അക്കാര്യം പെട്ടെന്ന് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാം തരംഗം നേരിടുന്നതിന് പൂര്‍ണമായ ഒരുക്കമാണ് നടത്തുന്നത്.

എല്ലാ ആശുപത്രികളുടെയും പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുകയാണ്. അത് പിന്നീട് വേണമെങ്കില്‍ പോസ്റ്റ് കോവിഡ് കാര്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കാം. പകര്‍ച്ചവ്യാധി വരുമ്പോള്‍ അതിനു വേണ്ടി മാത്രമേ ഇത് ഉപയോഗിക്കാവൂ.

പുതിയ കേസുകള്‍ ഉത്ഭവിക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കും. പുതിയ വകഭേദങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നൂറുദിന പരിപാടി

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കുകയും അതിന്റെ വിശദാംശങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുകയുമെന്ന കീഴ് വഴക്കമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ ജനാധിപത്യത്തിന്‍റെ അന്തഃസത്ത ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. വികേന്ദ്രീകൃത ജനാധിപത്യ ഭരണക്രമത്തിലൂടെ നമ്മുടെ സംസ്ഥാനം ലോകശ്രദ്ധയിലേക്കാണുയര്‍ന്നത്. സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം അനിവാര്യമായ തുടര്‍പ്രക്രിയയാണെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കുന്നതിലും കേരളം മുന്നില്‍തന്നെ നില്‍ക്കുകയാണ്.

പ്രകടനപത്രിക നടപ്പാക്കാനുള്ളതാണ്. അതിന്റെ പുരോഗതി ഓരോ ഘട്ടത്തിലും ജനങ്ങള്‍ അറിയണം. ഇത് കഴിഞ്ഞ സര്‍ക്കാര്‍ വിട്ടുവീഴ്ച കൂടാതെ തുടര്‍ന്ന സമീപനമാണ്. അതേ രീതി ഈ സര്‍ക്കാരും അവലംബിക്കും എന്ന ഉറപ്പിന്‍റെ ഭാഗം കൂടിയായി ഒരു കര്‍മ്മ പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.

ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടി ഇന്നിവിടെ പ്രഖ്യാപിക്കുകയാണ്.

കോവിഡ് – 19 മഹാമാരിയുടെ ആരംഭഘട്ടത്തില്‍ രോഗവ്യാപനം തടയാനായി ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. അതിന്റെ ഫലമായി സമ്പദ്ഘടന തളര്‍ന്നു. തൊഴിലവസരങ്ങളുടെ നഷ്ടമുണ്ടായി. അതിന്റെ ആഘാതം നേരിടാന്‍ സാമ്പത്തിക ഉത്തേജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പരിപാടികള്‍ കഴിഞ്ഞവര്‍ഷം രണ്ടുഘട്ടമായി നടപ്പിലാക്കിയ 100 ദിനപരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കോവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിന്‍റെ തീവ്രത അനുഭവപ്പെടുന്ന ഈ ഘട്ടത്തിലും സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും അടിയന്തര കടമയായി വന്നിരിക്കുന്നു.
ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം. അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും. കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്‍റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നത്.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള മാര്‍ഗ്ഗരേഖ മെയ് 20ന് സത്യപ്രതിജ്ഞക്കുശേഷം ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്കിന്‍റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000 ല്‍ 5 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കും.

വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്.

വ്യവസായ വകുപ്പ് 10,000, സഹകരണം 10,000, കുടുംബശ്രീ 2,000, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 2,000, വനിതാവികസന കോര്‍പ്പറേഷന്‍ 2,500, പിന്നോക്കവികസന കോര്‍പ്പറേഷന്‍ 2,500, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ 2,500, ഐ.ടി. മേഖല 1000, തദ്ദേശ സ്വയംഭരണ വകുപ്പ് 7,000 (യുവ വനിതാ സംരംഭകത്വ പരിപാടി 5000, സൂക്ഷ്മ സംരംഭങ്ങള്‍ 2000), ആരോഗ്യവകുപ്പ് 4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ് 350 (പരോക്ഷമായി), ഗതാഗത വകുപ്പ് 7500, റവന്യൂ വകുപ്പില്‍ വില്ലേജുകളുടെ റീസര്‍വ്വേയുടെ ഭാഗമായി 26,000 സര്‍വ്വേയര്‍, ചെയിന്‍മാന്‍ എന്നിവരുടെ തൊഴിലവസരങ്ങള്‍ അടങ്ങിയിട്ടുണ്ട്.

നൂറുദിനപരിപാടിയുടെ നടപ്പാക്കല്‍പുരോഗതി നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേകം അറിയിക്കും.
വന്‍ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (ആര്‍ കെ ഐ). ഇതിനായി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, ജര്‍മ്മന്‍ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് (എ ഐ ഐ ബി) എന്നിവയില്‍ നിന്നും 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം കൂടി ചേരുമ്പോള്‍ ആർ കെ ഐ പദ്ധതികള്‍ക്കായി 8,425 കോടി രൂപ ലഭ്യമാകും. അതില്‍ വരുന്ന നൂറു ദിനങ്ങളില്‍ 945.35 കോടി രൂപയുടെ 9 റോഡ് പ്രവര്‍ത്തികള്‍ ആരംഭിക്കും.

പത്തനംതിട്ട-അയിരൂര്‍ റോഡ് (107.53 കോടി)
ഗാന്ധിനഗര്‍-മെഡിക്കല്‍ കോളേജ് റോഡ് (121.11 കോടി)
കുമരകം-നെടുമ്പാശ്ശേരി റോഡ് (97.88 കോടി)
മൂവാറ്റുപുഴ-തേനി സ്റ്റേറ്റ് ഹൈവേ (87.74 കോടി)
തൃശൂര്‍-കുറ്റിപ്പുറം റോഡ് (218.45 കോടി)
ആരക്കുന്നം-ആമ്പല്ലൂര്‍-പൂത്തോട്ട-പിറവം റോഡ് (31.40 കോടി)
കാക്കടശ്ശേരി-കാളിയാര്‍ റോഡ് (67.91 കോടി)
വാഴക്കോട്-പ്ലാഴി റോഡ് (102.33 കോടി)
വടയാര്‍-മുട്ടുചിറ റോഡ് (111.00 കോടി)

പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളില്‍ 1519.57 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

തലശ്ശേരി-കളറോഡ് റോഡ് (156.33 കോടി)
കളറോഡ് -വളവുപാറ റോഡ് (209.68 കോടി)
പ്ലാച്ചേരി-പൊന്‍കുന്നം റോഡ് (248.63 കോടി) കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ അഴീക്കല്‍ പാലം (146 കോടി രൂപ).

ആലപ്പുഴ, തുരുത്തിപുരം, അഴിക്കോട്, പറവണ്ണ, പാല്‍പ്പെട്ടി, പുല്ലൂര്‍ എന്നിവിടങ്ങളില്‍ ആറ് മള്‍ട്ടി പര്‍പ്പസ് സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ ( 26.51 കോടി)

200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികള്‍ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും.

കണിയാമ്പറ്റ-മീനങ്ങാടി റോഡ്, (44 കോടി)
കയ്യൂര്‍-ചെമ്പ്രക്കാനം-പാലക്കുന്ന് റോഡ്, (36.64 കോടി)
കല്ലട്ക്ക-പെർള-ഉക്കിനട റോഡ്, (27.39 കോടി)
ഈസ്റ്റ് ഹില്‍ -ഗണപതിക്കാവ് -കാരപ്പറമ്പ റോഡ്, (21 കോടി)
മാവേലിക്കര പുതിയകാവ്പള്ളിക്കല്‍ റോഡ്, (18.25 കോടി)
കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ് (16.83 കോടി)
ശിവഗിരി റിംഗ് റോഡ് (13 കോടി)
അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് (11.99 കോടി) അടൂര്‍ ടൗണ്‍ ബ്രിഡ്ജ് (11 കോടി) എന്നിവയാണിത്.

കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിനായി വിത്തുകള്‍ വിതരണത്തിന്‍റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചിട്ടുണ്ട്.
സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറില്‍ ജൈവകൃഷി ആരംഭിക്കും. 100 അര്‍ബന്‍ സ്ട്രീറ്റ് മാക്കറ്റ് ആരംഭിക്കും. 25 ലക്ഷം പഴവര്‍ഗ വിത്തുകള്‍ വിതരണം ചെയ്യും
150 ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും
വ്യവസായ സംരംഭകര്‍ക്ക് ഭൂമി ലീസില്‍ അനുവദിക്കാന്‍ സംസ്ഥാന തലത്തില്‍ ഏകീകൃത നയം പ്രഖ്യാപിക്കും.

കുട്ടനാട് ബ്രാന്‍ഡ് അരി മില്ലിന്‍റെ പ്രവര്‍ത്തനം തുടങ്ങും. കാസര്‍കോട് ഇ എം എല്‍ ഏറ്റെടുക്കും

ഉയര്‍ന്ന ഉല്‍പാദന ശേഷിയുള്ള 10 ലക്ഷം കശുമാവിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും.

കാഷ്യൂ ബോര്‍ഡ് 8000 മെട്രിക് ടണ്‍ കശുവണ്ടി ലഭ്യമാക്കി 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും

12000 പട്ടയങ്ങള്‍ വിതരണം ചെയ്യും.
ഭൂനികുതി ഒടുക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങും. തണ്ടപ്പേര്‍, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും.
ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാന്‍ ഓണ്‍ലൈന്‍ മോഡ്യൂള്‍ പ്രാവര്‍ത്തികമാക്കും
ലൈഫ് മിഷന്‍ 10,000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും
വിദ്യാശ്രീ പദ്ധതിയില്‍ 50,000 ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കും.
നിലാവ് പദ്ധതി 200 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് (അമൃത് പദ്ധതിപ്രകാരം) തുടങ്ങും. കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് 20,000 ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റികള്‍ (എഡിഎസ്) വഴി 200 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും.
യാത്രികര്‍ക്കായി 100 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് കോംപ്ലക്സുകള്‍ തുറക്കും.
ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ്പ് വിതരണം തുടങ്ങും.

കണ്ണൂര്‍ കെ.എം.എം. ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് കോളേജ്, പാലക്കാട്, മട്ടന്നൂര്‍, ഗവണ്‍മെന്‍റ് പോളിടെക്നിക്കുകള്‍, പയ്യന്നൂര്‍ വനിത പോളിടെക്നിക്, എറണാകുളം മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ മോഡല്‍ പോളി ടെക്നിക്, പയ്യപ്പാടി കോളേജ്, കൂത്തുപറമ്പ് അപ്ലൈഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകള്‍ പൂര്‍ത്തീകരിച്ച് തുറക്കും.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 5 കോടി രൂപയുടെ 20 സ്കൂളുകളും 3 കോടി രൂപയുടെ 30 സ്കൂളുകളും പ്ലാന്‍ ഫണ്ട് മുഖേന നിര്‍മ്മാണം പൂര്‍ത്തിയായ 40 സ്കൂളുകളുമടക്കം 90 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. 43 ഹയര്‍ സെക്കന്‍ഡറി ലാബുകളും 3 ലൈബ്രറികളും തുറക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവന്‍സ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും. സ്കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവിഷ്കരിച്ച് നടപ്പാക്കും.
വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വീടുകളില്‍ പുസ്തകം എത്തിക്കുന്നതിന്‍റെ ഭാഗമായി ‘വായനയുടെ വസന്തം’ പദ്ധതി ആരംഭിക്കും.

സംസ്ഥാനത്തെ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും ആഗസ്റ്റ് 31നകം ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷനില്‍ കൊണ്ടുവരാനുള്ള നടപടികളെടുക്കും.
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പുരാതന മോസ്ക് ആയ മാക്വം മസ്ജിദ് പുനരുദ്ധാരണം, ലിയോ തേര്‍ട്ടീന്‍ത് സ്കൂള്‍ പുനരുദ്ധാരണം, മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഗോതുരുത്തിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയുടെ അനുബന്ധ ഭാഗം നിര്‍മ്മിക്കല്‍, ചേന്ദമംഗലത്തെ 14ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഹോളി ക്രോസ് പള്ളിയുടെ സംരക്ഷണം, പുരാതന മസ്ജിദായ ചേരമാന്‍ ജുമാ മസ്ജിദിന്‍റെ പുനരുദ്ധാരണം എന്നിവ പൂര്‍ത്തിയാക്കും. തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ ഡിജിറ്റല്‍ ലാംഗ്വേജ് മ്യൂസിയം ഉദ്ഘാടനം ചെയ്യും.

കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതിആരംഭിക്കും. ഒരു വ്യക്തിക്ക് 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും.കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ ക്ലിയറന്‍സിനായുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് തുടങ്ങും
ചെല്ലാനം കടല്‍ തീരത്തെ കടലാക്രമണം തടയാന്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തിക്ക് തുടക്കം കുറിക്കും. കടലാക്രമണ സാധ്യതയുള്ള മറ്റു പ്രദേശങ്ങളില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള പഠനം, തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഭൂരഹിത, ഭവനരഹിതര്‍ക്കായി 40 യൂണിറ്റുകളുളള ഭവന സമുച്ചയം കെയര്‍ഹോം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി കൈമാറും.

യുവ സംരംഭകര്‍ക്കായി 25 സഹകരണ സംഘങ്ങള്‍ ആരംഭിക്കും. ഇവ കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധന, ഐ.ടി. മേഖലയിലെ ചെറുകിട സംരംഭങ്ങള്‍, സേവന മേഖലയിലെ ഇവന്‍റ് മാനേജ്മെന്‍റ് പോലെയുള്ള സംരംഭങ്ങള്‍, ചെറുകിട മാര്‍ക്കറ്റിംഗ് ശൃംഖലകള്‍ എന്നീ മേഖലകളിലായിരിക്കും.

വനിതാ സഹകരണ സംഘങ്ങള്‍ വഴി മിതമായ നിരക്കില്‍ മാസ്ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങളുടെ 10 നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. കുട്ടനാട്, അപ്പര്‍ കുട്ടനാട് ആസ്ഥാനമാക്കി ഒരു സംഭരണ, സംസ്കരണ വിപണന സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് 2 ആധുനിക റൈസ് മില്ലുകള്‍ ആരംഭിക്കും.

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാര്‍ത്ഥിക്ക് 10,000 രൂപ നിരക്കില്‍ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി തുടങ്ങും. ഒരു സംഘം പരമാവധി 5 ലക്ഷം രൂപ വായ്പയായി നല്‍കുന്ന പദ്ധതിയാണിത്. 308 പുനര്‍ഗേഹം വ്യക്തിഗത വീടുകള്‍ (30.80 കോടി രൂപ ചെലവ് ) കൈമാറും.
303 പുനര്‍ഗേഹം ഫ്ളാറ്റുകള്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളില്‍ (30.30 കോടി രൂപ ചെലവ്) ഉദ്ഘാടനം ചെയ്യും.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 250 പഞ്ചായത്തുകളില്‍ മത്സ്യകൃഷി ആരംഭിക്കും. 100 സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ സ്ഥാപിക്കും. ദുര്‍ഘടമായ മലയോരപ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗയോഗ്യമായ 30 മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ ഫയര്‍ ആന്‍റ് സേഫ്റ്റി വകുപ്പ് നിരത്തിലിറക്കും.

പട്ടിക ജാതി വികസന വകുപ്പ് പൂര്‍ത്തിയാകാതെ കിടക്കുന്ന 1000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠനമുറി നിര്‍മ്മാണം, വൈദ്യുതീകരണം, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ 1000 എണ്ണം പൂര്‍ത്തീകരിക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തയ്യാറാക്കിയ സാമൂഹ്യസാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ആറളം ഫാം, അട്ടപ്പാടി സഹകരണ ഫാമിംഗ് സൊസൈറ്റി എന്നിവയുടെ പുനരുദ്ധാരണത്തിന് ഫാം റിവൈല്‍ പാക്കേജ് ആരംഭിക്കും

വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 465ഓളം ആദിവാസി കോളനികളിലും ചേര്‍ന്നുളള പ്രദേശത്തും 10,000 ത്തോളം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. മൂന്നാര്‍ കുറിഞ്ഞിമല സാങ്ച്വറിയില്‍ 10,000 കുറിഞ്ഞിത്തൈകള്‍ വച്ചുപിടിപ്പിക്കും.

14 ഇന്‍റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കെട്ടിടങ്ങള്‍, 15 ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 7 നഗരവനങ്ങള്‍ വച്ചുപിടിപ്പിക്കല്‍ തുടങ്ങും. 22 സ്ഥലങ്ങളില്‍ വിദ്യാവനം വച്ചുപിടിപ്പിക്കും. തീരദേശ ഷിപ്പിംഗ് സര്‍വ്വീസ് ബേപ്പൂരില്‍ നിന്നും കൊച്ചിവരെയും കൊല്ലത്തു നിന്നും കൊച്ചി വരെയും ആരംഭിക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്‍റ്, കോന്നിയില്‍ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവ ആരംഭിക്കും. 7 ജില്ലകളിലെ (തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ്) എച്ച്.ഐ.വി/എയ്ഡ്സ് ബാധിതര്‍ക്കായി കെയര്‍ സപ്പോര്‍ട്ട് സെന്‍റര്‍.

ശിശുമരണനിരക്ക് കുറക്കാന്‍ ലക്ഷ്യമിടുന്ന ‘പ്രഥമ സഹസ്രദിനങ്ങള്‍’ എന്ന പരിപാടി മലയോര തീരദേശ മേഖലകളിലെ 28 ഐ.സി.ഡി.എസ് പ്രോജക്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കും. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമുകളില്‍ ദീര്‍ഘകാലം താമസിക്കുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തൃശൂര്‍ രാമവര്‍മപുരത്ത് മോഡല്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോം തുറക്കും. നിയമനടപടികളും അതുകാരണം സാമൂഹികമായ ഒറ്റപ്പെടലുകളും അനുഭവിക്കുന്ന കുട്ടികള്‍ക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ ശ്രദ്ധയും പരിചരണവും നല്‍കുന്നതിന് കാവല്‍ പ്ലസ് പദ്ധതി എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്ക് വ്യാപിപ്പിക്കും.

2256 അങ്കണവാടികളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കും. സ്പോര്‍ട്സ് കേരള ഫുട്ബോള്‍ അക്കാദമി, തിരുവനന്തപുരത്തും കണ്ണൂരും പൂര്‍ത്തീകരിക്കും . വനിതാ ഫുട്ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്യും. കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരെ ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും വീടുകളില്‍ എത്തിക്കുന്ന ഇ ഓട്ടോറിക്ഷാഫീഡര്‍ സര്‍വ്വീസ് തുടങ്ങും. പി.എസ്.സി.ക്ക് നിയമനങ്ങള്‍ വിട്ടുനല്‍കാനായി തീരുമാനമെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍ രൂപീകരിക്കും. ജി.എസ്.ടി വകുപ്പില്‍ അധികമായി വന്നിട്ടുള്ള 200 ഓളം തസ്തികകള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ സൃഷ്ടിച്ച് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യും

നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്യാനുദ്ദേശിക്കുന്ന മറ്റു ചില പ്രധാന കാര്യങ്ങള്‍: ഗെയില്‍ പൈപ്പ് ലൈന്‍ (കൊച്ചി-പാലക്കാട്) ഉദ്ഘാടനം. കൊച്ചിയില്‍ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുങ്ങും.പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മാണത്തിനുള്ള ഗ്രീന്‍ റിബേറ്റ് ആഗസ്ത്തില്‍ പ്രാബല്യത്തില്‍ വരത്തക്ക രീതിയില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കും. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ജീവന്‍ രക്ഷാമരുന്നുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്കുള്ള ധനഹായവിതരണം ആരംഭിക്കും. ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സംവിധാനം ഒരുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരം നല്‍കും. വിശപ്പ് രഹിതകേരളം ജനകീയ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കുന്ന പരിപാടി ആരംഭിക്കും. ഇത് നൂറു ദിവസത്തിനകം നടപ്പാക്കുന്ന പദ്ധതികളുടെ പൂര്‍ണ്ണമായ പട്ടികയല്ല. വിശദവിവരങ്ങള്‍ അതാതു വകുപ്പുകള്‍ പ്രസിദ്ധീകരിക്കും.

ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കാനാണ് പദ്ധതി. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് രാവിലെ ഇത് സംബന്ധിച്ച് ആശയ വിനിമയം നടത്തി. ഇവിടെ അറിയിക്കാനുള്ള മറ്റൊരു കാര്യം, ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചതാണ്. സ്പെഷ്യല്‍ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kochi water metro.jpeg kochi water metro.jpeg
കേരളം9 hours ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം13 hours ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം2 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം2 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം2 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം2 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം3 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം3 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം3 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

harshina.jpg harshina.jpg
കേരളം4 days ago

ദുരിതത്തിന് അറുതിയില്ല; ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

വിനോദം

പ്രവാസി വാർത്തകൾ