കേരളം
മാനവീയം വീഥിയില്‍ വീണ്ടും കൂട്ടത്തല്ല്
തിരുവനന്തപുരത്തെ നൈറ്റ് ലൈഫ് ഏരിയയായ മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആല്‍ത്തറ ജങ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലീസെത്തിയപ്പോള്‍ എല്ലാവരും ചിതറിയോടി. സംഭവത്തില്‍ മൂന്ന് പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു
രാജ്യാന്തരചലച്ചിത്രമേളയുടെ ഭാഗമായി പരിപാടി നടക്കുന്നതിനാല്‍ മാനവീയം വീഥിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആഘോഷം നടക്കുന്നതിനിടയില്‍ ഒരു കൂട്ടര്‍ സിഗരറ്റ് വലിച്ച് മറ്റൊരു കൂട്ടരുടെ മുഖത്തേക്ക് പുക ഊതിവിട്ടു. ഇത് വാക് തര്‍ക്കവും കയ്യാങ്കളിയുമാകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രശ്‌നമുണ്ടാക്കിയവര്‍ ഓടിരക്ഷപ്പെട്ടു.
തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാനവീയത്തില്‍ രാത്രി 10 മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നും രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്നുമായിരുന്നു പൊലീസ് നിര്‍ദേശം.