കേരളം
കോഴിവില കുറഞ്ഞു 50 രൂപയിലേറെ
ഏതാനും ദിവസങ്ങൾക്കിടെ ജില്ലയിൽ കോഴിവില കുറഞ്ഞത് 50-70 രൂപയോളം. കഴിഞ്ഞ ദിവസങ്ങളിൽ 200-220 രൂപയായിരുന്നു കോഴിവില. ഇപ്പോൾ 150-160 രൂപയൊക്കെയാണ് കടകളിൽ ഈടാക്കുന്നത്.
പക്ഷിപ്പനിക്കുശേഷം ഉയർന്ന കോഴിവില ലോക്ഡൗൺ കാലത്തും ഉയർന്നുതന്നെ നിൽക്കുകയായിരുന്നു. വില കൂടുന്നതിനനുസരിച്ച് ജില്ലാ ഭരണകൂടം അതിലിടപെട്ടിരുന്നു. ഭരണകൂടം വില നിശ്ചയിച്ചപ്പോൾ അതിനനുസരിച്ച് കോഴിവില കൂട്ടുകയും ചെയ്തിരുന്നു. 240 രൂപവരെയൊക്കെയെത്തിയിരുന്നു വില. എന്നാൽ, ഇപ്പോൾ തമിഴ്നാട്ടിൽനിന്നുള്ള കോഴിവില കുറഞ്ഞതാണ് ഇവിടെയും മാറ്റംവരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും ലോക്ഡൗൺ നിയന്ത്രണം കർശനമായതോടെയാണ് അവിടെ വില കുറഞ്ഞത്. സ്വാഭാവികമായി അതിവിടത്തെ വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണകൂടം വിലയെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. തുടർന്ന് വടകര മേഖലയിൽ വില നിശ്ചയിച്ച് നൽകുകയും ചെയ്തു.
ചിക്കൻ വ്യാപാരി സമിതിക്ക് കീഴിൽ 1600-ഓളം കടകളുണ്ട് ജില്ലയിൽ. ഇപ്പോഴുള്ള വിലക്കുറവ് എത്രനാൾ തുടരുമെന്ന് വ്യക്തമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്.