Kerala
സഭാതര്‍ക്ക പരിഹാരത്തിന് സർക്കാർ; ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് ചുമതല


മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ-ഓർത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായി, ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി തുടര്‍ ചര്‍ച്ച നടത്തും.
ഒരു മാസത്തിനകം പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നാണ് ധാരണ. മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ക്ക് പിന്‍തുണയെന്ന് ഓര്‍ത്തഡോക്സ് സഭ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. കോടതിവിധിയിലൂടെ ശാശത്വ പരിഹാരം കണ്ടെത്താനാകില്ല എന്നും ചർച്ചകളെ സ്വാഗതം ചെയ്യുന്നു യാക്കോബായ സഭ അറിയിച്ചു.
ഹിത പരിശോധന വേണം എന്ന ആവശ്യം ഇന്ന് നടന്ന ചർച്ചയിലും യാക്കോബായ സഭ ഉന്നയിച്ചു. കോതമംഗലം ഉള്‍പ്പെടെയുളള പളളികളില്‍ തര്‍ക്കംമൂലം കോടതി വിധി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതിയില്‍ നിലവിലുളള കേസില്‍ ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.