കേരളം
അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം, മുഖ്യമന്ത്രിയുടെ വാക്ക് പാഴായി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളമില്ല
സിംഗിൾ ഡ്യൂട്ടി അടക്കം കെഎസ്ആർടിസിയിലെ പരിഷ്കാര നടപടികളുമായി സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഇതായിരുന്നു മുഖ്യമന്ത്രി തൊഴിലാളികൾക്ക് നൽകിയ ഉറപ്പ്. പിന്നാലെ നടന്ന ചർച്ചയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളോട് യൂണിയൻ നേതാക്കൾ സഹകരിച്ചു.
പിന്നാലെ ഓണം വരെയുള്ള കുടിശിക തീർത്തതടക്കം രണ്ടുമാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം മാനേജ്മെൻറ് നൽകി. എന്നാൽ ഈ മാസം ഏഴാം തീയതി ആയിട്ടും ശമ്പളം തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല.
പാറശ്ശാലയിലെ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം പ്രതീക്ഷിച്ച ഫലം കാണാത്ത വന്നതോടെ മാനേജ്മെൻറ് കടുത്ത അതൃപ്ത്തിയിലാണ് . പാറശ്ശാലയിലെ സിംഗിൾ ഡ്യൂട്ടിക്ക് മാസം ഒന്നു കഴിഞ്ഞിട്ടും ലാഭം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ദൂരം ഓടി വരുമാനം കൂട്ടിയെന്ന് അവകാശപ്പെടുമ്പോഴും ശരാശരി കിലോമീറ്റർ വരുമാനം 62 രൂപ ഉണ്ടായിരുന്നത് 51 ആയി താഴ്ന്നു. ഏഴുതവണ മാറ്റിയെഴുതിയിട്ടും ഡ്യൂട്ടി ഷെഡ്യൂളിലെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. ജീവനക്കാർക്ക് എതിരെ അച്ചടക്ക നടപടിയെടുത്തതും യാത്രക്കാരുടെ പരാതികളും മാത്രമാണ് ബാക്കി.
മറ്റു ഡിപ്പോകളിലേക്ക് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം വ്യാപിപ്പിക്കാൻ കഴിയാതെ വന്നതോടെ മാനേജ്മെൻറ് ശമ്പള കാര്യത്തിൽ അയവുവരുത്തി എന്നാണ് ഒരു വിഭാഗം തൊഴിലാളികളുടെ വിലയിരുത്തൽ. എന്നാൽഎല്ലാ മാസവും 50 കോടി രൂപ നൽകുമെന്ന് വാഗ്ദാനം നൽകിയ നൽകിയ ധനവകുപ്പ് ഇത്തവണ 30 കോടി രൂപ മാത്രമാണ് നൽകിയത് അതാണ് ശമ്പളം വൈകാൻ കാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം. സർക്കാരിൽ നിന്ന് 20 കോടി രൂപ കൂടി ആവശ്യപ്പെട്ട് മാനേജ്മെൻറ് കത്ത് നൽകിയിട്ടുണ്ട്. പണം കിട്ടിയില്ലെങ്കിൽ മുൻപത്തെപ്പോലെ ഭാഗികമായി ശമ്പളം വിതരണം ചെയ്യാനും ആലോചനയുണ്ട്.