കേരളം
ചെലവ് കുറഞ്ഞ ജലവൈദ്യുതി പദ്ധതികൾ പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ജലവൈദ്യുത പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി അന്തരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ ) കോഴിക്കോട് ജില്ലയിലെ അറിപ്പാറയിൽ നിർമ്മിച്ച വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ഉത്പാദനത്തിൽ പുനരുപയോഗ സാധ്യത ഇല്ലാത്ത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടതില്ല എന്നതാണ് ഈ സർക്കാരിന്റെ നിലപാട് – മുഖ്യമന്ത്രി പറഞ്ഞു. ജലം,കാറ്റ്,സൂര്യപ്രകാശം എന്നിവയിൽ നിന്നും പരമാവധി ഊർജോല്പാദനം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. അതിനുതകുന്ന നിരവധി പദ്ധതികൾക്ക് കഴിഞ്ഞ എൽ. ഡി.ഫ് സർക്കാരിന്റെ കാലത്ത് തന്നെ തുടക്കമിട്ടിട്ടുണ്ട്. അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ആഭ്യന്തര വൈദ്യുത ഉത്പാദനം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യവുമാണ് ജലവൈദ്യുത പദ്ധതികൾ അതിനാൽ ജലവൈദ്യുത പദ്ധതികളുടെ ശേഷി വർധിപ്പിക്കുന്നതിൽ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. നമ്മുടെ വനങ്ങൾക്കും ജൈവവൈവിധ്യത്തിനും ഒരു തരത്തിലുള്ള നാശം വരുത്താതെയായിരിക്കും ഇത് നടപ്പിലാക്കുക. ഒപ്പം അക്ഷയ ഊർജ്ജ വികസനത്തിലൂടെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ കൂട്ടായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ആലോചന ഉണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
52 കോടി രൂപ ചിലവിട്ടാണ് 4.5MW സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതി സിയാൽ അരിപ്പാറയിൽ പൂർത്തിയാക്കിയത്. പ്രതിവർഷം 14 ദശലക്ഷം വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. പ്രളയവും കോവിഡും അടക്കമുള്ള അനേകം ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും 5 വർഷം കൊണ്ട് ഈ പദ്ധതി പൂർത്തിയാക്കാൻ സിയാലിനു കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .
സിയാൽ ഓരോ പ്രവർത്തനത്തിലും സമൂഹത്തോടും പരിസ്ഥിതിയോടും പ്രതിബദ്ധത പുലർത്തിവരുന്നുണ്ട് എന്നത് എടുത്ത് പറയണ്ട കാര്യമാണ്. സമ്പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന വിമാനത്താവളമാണിത്. പാരമ്പര്യേതര ഊർജ്ജവിഭവങ്ങളെ ആശ്രയിച്ചുകൊണ്ട്, ഭാവിതലമുറയ്ക്ക് ഗുണകരമാവും വിധത്തിലുള്ള പദ്ധതി ഏറ്റെടുക്കലിന്റെ ഭാഗമായിരുന്നു അത്. ഇപ്പോൾ അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി കൂടി ഏറ്റെടുത്ത് യാഥാർത്ഥ്യമാക്കിയതോടെ ഹരിത ഊർജ ഉത്പാദനത്തിലും വിതരണത്തിലും ഒരു ചുവടുകൂടി മുന്നോട്ടു വെയ്ക്കാൻ സിയാലിനു കഴിയുന്നു: മുഖ്യമന്ത്രി വ്യക്തമാക്കി.