കേരളം
സംസ്ഥാനത്ത് ചിക്കന്‍ വില ഇരട്ടിയിലേറെ; സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടൽ ഉടമകൾ
ബ്രോയിലര്‍ കോഴിയിറച്ചി വിലയില്‍ വന്‍ കുതിപ്പ്. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കൂടിയത് ഇരട്ടിയോളം. വിലതാങ്ങാന്‍ കഴിയാതെ കോഴിയിറച്ചി ബഹിഷ്‌കരിക്കാനുള്ള ആലോചനയില്‍ ഹോട്ടലുടമകള്‍. കിലോയ്‌ക്ക് 80 -90 രൂപയായിരുന്ന കോഴിയിറച്ചിക്കു നിലവില്‍ 140-160 രൂപയാണ്. ചിക്കന്‍ മീറ്റിനു വില കിലോയ്‌ക്ക് 200 രൂപയിലെത്തി. ലഭ്യതക്കുറവു ചൂണ്ടിക്കാട്ടിയാണു വിലകൂട്ടുന്നത്. ഇതര സംസ്‌ഥാന ചിക്കന്‍ ലോബിയാണ് സംസ്‌ഥാനത്ത് കോഴിയിറച്ചി ലഭ്യത കുറയ്‌ക്കുന്നതിനു പിന്നില്‍. കേരളത്തില്‍ വില്‍ക്കുന്ന 80% ഇറച്ചിക്കോഴികളുടെയും വരവ് തമിഴ്‌നാട്ടില്‍നിന്നാണ്. ലോക്ക്‌ഡൗണിനെത്തുടര്‍ന്ന് ഹോട്ടലുകളില്‍ ചെലവു കുറഞ്ഞതോടെ ചിക്കന് ഡിമാന്‍ഡ് കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍.
സംസ്ഥാനത്ത് വില്‍ക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതുമൂലം പ്രവര്‍ത്തന ചെലവ് പോലും കണ്ടെത്താനാകാതെ നട്ടംതിരിയുന്ന ഹോട്ടലുടമകള്‍ക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്റെ അന്യായവിലക്കയറ്റം.
നാട് മുഴുവന്‍ കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഹോട്ടലിലെ ചിക്കന്‍വിഭവങ്ങളുടെ വിലവര്‍ധിപ്പിക്കുവാനും ഹോട്ടലുടമകള്‍ക്ക് സാധിക്കില്ല. വിലക്കയറ്റം ഇങ്ങനെ തുടരുകയാണെങ്കില്‍ ചിക്കന്‍വിഭവങ്ങള്‍ ഒഴിവാക്കുവാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകും.