കേരളം
ഇരട്ട വോട്ട് തടയാന്‍ നാല് നിര്‍ദേശങ്ങളുമായി ചെന്നിത്തല കോടതിയില്‍
ഇരട്ട വോട്ടിനെതിരായ ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെ ഒരാള്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നാലു നിര്‍ദേശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഡിഷണല്‍ അഫിഡവിറ്റിലാണ് ഇതിനായി നാലു നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് മുന്നോട്ടു വച്ചിരിക്കുന്നത്.
ഒന്നിലധികം വോട്ടുള്ള വോട്ടര്‍മാരെ തിരഞ്ഞെടുപ്പു ദിവസത്തിനു മുമ്ബ് വിഎല്‍ഒമാര്‍ നേരിട്ടു കണ്ട് അവര്‍ എവിടെയാണ് വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് രേഖാമൂലം എഴുതിവാങ്ങണം. ഈ വിവരം അവര്‍ വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോളിങ് ബൂത്തിലെ ഓഫിസറെയും ഇയാള്‍ക്ക് വോട്ടുള്ള മറ്റു പോളിങ് ബൂത്തുകളിലും വിവരം അറിയിക്കുകയും വേണം. ഇദ്ദേഹം ഒരു പോളിങ് ബൂത്തില്‍ മാത്രമാണ് വോട്ടു ചെയ്തത് എന്ന് ഇത്തരത്തില്‍ ഉറപ്പു വരുത്തണം.
ഇരട്ട വോട്ടുള്ള വോട്ടര്‍ ഒരു വോട്ടു മാത്രമാണു ചെയ്തത് എന്ന് വിഎല്‍ഒമാര്‍ സത്യവാങ്മൂലം എഴുതി വാങ്ങണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇവര്‍ വോട്ടു ചെയ്ത് പുറത്തിറങ്ങുമ്ബോള്‍ വോട്ടറുടെ ഫോട്ടോ എടുത്ത് മറ്റ് വിവരങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പു കമ്മിഷന്റെ സെര്‍വറില്‍ സൂക്ഷിക്കണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. പിന്നീട് തിരഞ്ഞെടുപ്പിനുശേഷം ഈ ഫോട്ടോകളും വിവരങ്ങളും സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരിശോധിക്കണം. അങ്ങനെ ഒരാള്‍ തന്നെ ഒന്നിലധികം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുമെന്നും ചെന്നിത്തല നിര്‍ദ്ദേശം വച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവിനെതിരെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിനും അദ്ദേഹം സത്യവാങ്മൂലത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. ചെന്നിത്തല സമര്‍പ്പിച്ചത് പൊതു താല്‍പര്യ ഹര്‍ജിയല്ലെന്നും സ്ഥാനാര്‍ത്ഥിയായ അദ്ദേഹം രാഷ്ട്രീയ താല്‍പര്യ ഹര്‍ജിയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹത്തിന്റെ മറുപടി.