കേരളം
സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. വരും ദിവസങ്ങളിലും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാങ്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മഴ ലഭിച്ചപ്പോള്‍ ലക്ഷദ്വീപില്‍ പൂര്‍ണമായും വരണ്ട കാലാവസ്ഥയായിരുന്നു. ആലപ്പുഴയില്‍ മൂന്ന് സെന്റിമീറ്ററും പൊന്നാനിയില്‍ രണ്ട് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറില്‍ പരമാവധി താപനില എറണാകുളം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്നു. മറ്റ് സ്ഥലങ്ങളില്‍ സാധാരണ നിലയില്‍ തുടുരുകയും ചെയ്തു. പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെല്‍ഷ്യസ്.
പുനലൂരില്‍ കുറഞ്ഞ താപനിലയും രേഖപ്പെടുത്തി, 23 ഡിഗ്രി സെല്‍ഷ്യസ്. അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയായിരിക്കും.
ഏപ്രില്‍ ഏഴ് വരെ ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.