ദേശീയം
കോവിഡ് പ്രതിസന്ധിയില്‍ ആശ്വാസം; വീണ്ടും ഉത്തേജക പാക്കേജ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് ഉടന്‍ മറ്റൊരു ഉത്തേജക പാക്കേജ് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനായി പൊതുജനാഭിപ്രായം തേടുകയാണെന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്രഖ്യാപനം എന്നുണ്ടാകുമെന്ന് മന്ത്രി അറിയിച്ചിട്ടില്ല.ഏപ്രില്‍ ഒന്നു മുതല്‍ ബജറ്റിലെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചുവെന്നും അതിന് ശേഷം ഇപ്പോള്‍ രണ്ടര മാസം മാത്രം ആയതിനാല്‍ പാക്കേജിന്റെ കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
യു.കെ പോലുള്ള രാജ്യങ്ങളുടെ വളര്‍ച്ച സിദ്ധാന്തങ്ങളില്‍ തനിക്ക് താല്‍പര്യമില്ലെന്നും ജനങ്ങളില്‍ നിന്നുള്ള അഭിപ്രായം കേട്ടതിന് ശേഷം തീരുമാനമെടുക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ടൈംസ് നൗവിന് അനുവിദച്ച പ്രത്യേക അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആരോഗ്യമേഖലയുടെ സാമ്പത്തിക വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ 64,180 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോവിഡ് വാക്സിന് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ 35,000 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി അറിയിച്ചിരുന്നു.