കേരളം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.37 വിജയ ശതമാനം
സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ ഏറെ കൂടുതലാണ് ഈ വർഷത്തെ വിജയ ശതമാനം. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. cbseresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിച്ചത് 10, 11 ക്ലാസുകളിലെ വാർഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്–ടേം / പ്രീ ബോർഡ് (മോഡൽ) പരീക്ഷകളിലെ ഫലവുമാണ് പരിഗണിച്ചത്.
സ്കൂളിന്റെ കഴിഞ്ഞ 3 വർഷങ്ങളിലെ ഫലവും കണക്കിലെടുത്തു. ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വർഷം ഓരോ വിഷയത്തിനും ലഭിച്ച ശരാശരി മാർക്കിനേക്കാൾ + /- 5 മാർക്കിലേറെ വ്യത്യാസം ഈ വർഷം പാടില്ല. എല്ലാ വിഷയങ്ങൾക്കും കൂടിയുള്ള മൊത്തം മാർക്കിന്റെ ശരാശരിയിലാകട്ടെ, + /- 2 മാർക്കിലേറെ വ്യത്യാസം പാടില്ല. മാർക്കിടുന്ന രീതിയിൽ സ്കൂളുകൾ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്.
സ്കൂളിൽ റിസൽറ്റ് കമ്മിറ്റിയുണ്ടാകും. നടപടികൾ വിലയിരുത്താനും സംശയങ്ങൾ പരിഹരിക്കാനും സോൺ തല സമിതിയുമുണ്ടാകും.10, 12ാം ക്ലാസ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍ അറിയുന്നതിന് സി.ബി.എസ്.ഇ സംവിധാനമൊരുക്കിയിരുന്നു. റോള്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കൂ.
സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ റോള്‍ നമ്പര്‍ അറിയാം. ഈ വെബ്സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച് വ്യക്തിവിവരങ്ങള്‍ നല്കിയാല് റോള്‍ നമ്പര്‍ ലഭ്യമാകും. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് ടിക്കറ്റ് ലഭിക്കുന്നതിന് മുമ്ബുതന്നെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.