കേരളം
കൊല്ലത്ത് വിരണ്ടോടിയ കുതിര ഇടിച്ച് കാറിന്റെ മുൻഭാഗം തകർന്നു
വിരണ്ടോടിയ കുതിര ഇടിച്ചുണ്ടായ അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണായി തകർന്നു. വെള്ളിയാഴ്ച രാവിലെ കൊല്ലം ചവറയിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്. കന്നേറ്റിമുക്കിലായിരുന്നു സംഭവം. അപകടത്തില്‍ സാരമായി പരുക്കേറ്റ കുതിരയെ കൊല്ലം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിഞ്ഞാണില്ലാതെ ഓടിയെത്തിയ കുതിര ഇടിച്ച കാറിന്റെ മുന്‍വശം തകര്‍ന്നു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.
കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്ബില്‍ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള നാലു വയസുള്ള സൈറ എന്ന പെൺ കുതിരയാണു വിരണ്ട് ഓടി അപകടം ഉണ്ടാക്കിയത്. കന്നേറ്റി മുസ്ലിം ജമാഅത്ത് എല്‍പി സ്കൂളിനു സമീപത്തു നിന്ന് നടത്തി കൊണ്ടുവരുന്നതിനിടെ കുതിര പിടിവിട്ട് ഓടുകയായിരുന്നു. കുതിര ഓടാൻ തുടങ്ങിയതോടെ മുകളിലുണ്ടായിരുന്ന ആള് താഴേക്കു വീണു. അതിവേഗത്തില്‍ ഓടി കന്നേറ്റി പള്ളിമുക്കിലെത്തി ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഹരിപ്പാട് കരുവാറ്റ തിരുനല്ല പീടികയിൽ ശംഭു(25), പിതാവ് വിജയകുമാർ എന്നിവർ സഞ്ചരിച്ചിരുന്ന കാറിലേക്കാണ് കുതിര ഇടിച്ചത്. ഇവർ ഹരിപ്പാട് നിന്ന് കൊല്ലത്ത് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതാൻ പോകുകയായിരുന്നു. കാറിന് വേഗത കുറവായിരുന്നെങ്കിലും മുൻവശത്തെ ബോണറ്റ് ഉയർന്ന് ചവിട്ടിയ കുതിര ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണു. രക്തം വാർന്ന് റോഡിൽ കിടന്ന കുതിരയെ ഒപ്പമുണ്ടായിരുന്നവരും പൊലീസും ചേർന്ന് കൊല്ലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദഗ്ദ്ധ പരിചരണത്തിലാണ് കുതിര ഇപ്പോൾ, അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശംഭുവിനെയും പിതാവിനെയും മറ്റൊരു വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു.