ആരോഗ്യം
സംസ്ഥാനത്ത് പ്രചരണം അന്തിമ ഘട്ടത്തിൽ … ആവേശം നിറയ്ക്കാൻ ദേശീയ നേതാക്കൾ എത്തുന്നു
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്. ദേശീയ നേതാക്കളെ രംഗത്ത് ഇറക്കി പ്രചരണം ശക്തമാക്കാനാണ് മൂന്ന് മുന്നണികളും ശ്രമിക്കുന്നത്. ഇനി വോട്ടെടുപ്പിന് നാല് ദിവസം മാത്രമാണ് ബാക്കിയുളളത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇടത് പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പ്രചരണം നയിക്കുന്നത്.
രാഹുൽ ഗാന്ധി ഇന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രചാരണത്തിനെത്തും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കരുനാഗപ്പള്ളിയിൽ റോഡ് ഷോ നടത്തും. കോഴഞ്ചേരിയിലും അടൂരിലും ചങ്ങനാശ്ശേരിയിലും നദ്ദയ്ക്ക് പ്രചാരണമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ ഒമ്പതിന് ഹരിപ്പാടെത്തും.
നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കായി റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി മറ്റന്നാൾ വീണ്ടും തിരുവനന്തപുരത്തെത്തും. കന്യാകുമാരിയിലെ പ്രചാരണത്തിനു ശേഷമാകും അവർ എത്തുക.
സമയം അനുവദിക്കുകയാണെങ്കിൽ നെയ്യാറ്റിൻകരയിലും കുറച്ചു സമയം ചെലവഴിച്ചേക്കും. ചൊവ്വാഴ്ച തലസ്ഥാനത്തു പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേമം മണ്ഡലത്തിൽ പദ്ധതിയിട്ടിരുന്ന റോഡ് ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പൊലീസിന്റെ എതിർപ്പും സമയക്കുറവുമാണ് ഇതിനു കാരണമായി ജില്ലാ കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.