ദേശീയം
ടാറ്റയ്ക്ക് കൈ കൊടുക്കാൻ ബി.എസ്.എൻ.എൽ; എതിരാളികൾക്ക് കനത്ത വെല്ലുവിളി ഉയർന്നേക്കും
സ്വകാര്യ ടെലികോം കമ്പനികളായ എയർടെലും ജിയോയും റീചാർജ് പ്ലാൻ നിരക്കുകൾ വർധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ ഇപ്പോൾ ബി.എസ്.എൻ.എല്ലും ടാറ്റയും കൈകോർക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങിനെയെങ്കിൽ ഇത് ഇന്ത്യൻ ടെലികോം രംഗത്ത് വൻ മത്സരത്തിനാണ് വഴിവെക്കുക.
കഴിഞ്ഞ മാസം ജിയോ ആണ് ആദ്യം റീചാർജ് നിരക്കുകൾ വർധിപ്പിച്ചത്. പിന്നാലെ എയർടെല്ലും വിയും (വോഡഫോൺ, ഐഡിയ) നിരക്കു വർധന പ്രഖ്യാപിച്ചു. 12% മുതൽ 25% വരെയാണ് ജിയോയുടെ നിരക്കുകൾ വർധിപ്പിച്ചത്. 11% മുതൽ 21% വരെ എയർടെല്ലും, 10% മുതൽ 21% വരെ വിയും നിരക്കുകൾ ഉയർത്തി. സാധാരണക്കാരന്‍റെ കീശ കീറുന്ന താരിഫ് വർധനയാണ് നടപ്പാക്കിയതെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.
ഇതോടെ, ഉപയോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് സിം പോർട്ട് ചെയ്യാൻ തുടങ്ങി. ബി.എസ്.എൻ.എൽ 4ജി കണക്ടീവിറ്റി വൈകാതെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് പലരും ബി.എസ്.എൻ.എല്ലിലേക്ക് മാറിയത്. ഈ പ്രവണത ഇപ്പോഴും തുടരുകയാണെന്നും നിരവധി എയർടെൽ, ജിയോ ഉപയോക്താക്കളാണ് തങ്ങളുടെ മൊബൈൽ നമ്പറുകൾ പോർട്ട് ചെയ്യുന്നതെന്നും ഡി.എൻ.എയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇപ്പോൾ, ബി.എസ്.എൻ.എല്ലുമായി ടാറ്റ കൈകോർക്കുന്ന റിപ്പോർട്ട് കൂടി വരുമ്പോൾ ഈ രംഗത്തെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. 15,000 കോടിയുടെ കരാറിന്‍റെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) ഡാറ്റ സെന്‍ററുകൾ സ്ഥാപിക്കുകയാണ്. രാജ്യത്തെ നാലു മേഖലകളിലാണ് ഡാറ്റ സെന്‍ററുകൾ സ്ഥാപിക്കുന്നത്. ടി.സി.എസും ബി.എസ്.എൻ.എല്ലും ചേർന്ന് ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇത് സമീപഭാവിയിൽ വേഗതയേറിയ ഇന്‍റർനെറ്റ് സേവനം ഉറപ്പാക്കുമെന്നാണ് അവകാശപ്പെടുന്നത്.
നിലവിൽ ജിയോയും എയർടെല്ലുമാണ് 4ജി ഇന്‍റർനെറ്റ് സേവന വിപണിയിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ, ടാറ്റയും ബി.എസ്.എൻ.എല്ലും തമ്മിലെ കരാർ ഇവർക്ക് വൻ വെല്ലുവിളിയാകും.