Connect with us

Kerala

ഹെൽത്ത് കാർഡിന് കൈക്കൂലി; രണ്ട് ഡോക്ടർമാർക്ക് കൂടി സസ്പെൻഷൻ

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നതിന്, പരിശോധന കൂടാതെ കൈക്കൂലി വാങ്ങി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ കൂടുതൽ പേർക്കെതിരെ നടപടി. സംഭവത്തിൽ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൂടി സസ്പെൻഷൻ. ഡോ. അയിഷ എസ് ഗോവിന്ദ്, ‍ഡോ. വിൻസ എസ് വിൻസെന്റ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

നേരത്തെ ആര്‍എംഒ ഡോ. വി അമിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്പെൻഡ് ചെയ്തത്.

പരിശോധനയൊന്നും കൂടാതെ പണം വാങ്ങി ഡോക്ടര്‍ ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഡോ. അമിത് കുമാറിനെ കൂടാതെ, രണ്ടു ഡോക്ടര്‍മാര്‍ കൂടി കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യം പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ, ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ യാതൊരു പരിശോധനയും നടത്താതെ പണം വാങ്ങി ഒപ്പിട്ടുനല്‍കുന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് മന്ത്രിയുടെ ഇടപെടല്‍.

പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Advertisement