Connect with us

Kerala

പുഴുങ്ങിയ മുട്ടയും 150 പേനകളും; കൈക്കൂലിക്കേസില്‍ അന്വേഷണം വ്യാപിപ്പിക്കും; കോടീശ്വരന്റെ മറുപടി മൗനം

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസില്‍ അന്വേഷണം വിപുലമാക്കി വിജിലന്‍സ്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറില്‍നിന്ന് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം വിപുലമാക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന.

സുരേഷ്‌കുമാറിന്റെ വാടകമുറിയില്‍നിന്ന് 35 ലക്ഷം രൂപ പണമായി മാത്രം കണ്ടെടുത്തിരുന്നു. ഇതിനുപുറമേ 71 ലക്ഷം രൂപ നിക്ഷേപം നടത്തിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. 17 കിലോ നാണയങ്ങളും മുറിയില്‍നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ മണിക്കൂറുകളെടുത്താണ് ഇവയെല്ലാം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എണ്ണിതിട്ടപ്പെടുത്തിയത്.

വന്‍തോതില്‍ കൈക്കൂലി വാങ്ങിയിട്ടും വളരെ ലളിതമായ ജീവിതരീതിയായിരുന്നു ഇയാളുടേത്. ഇതും ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിട്ടുണ്ട്. പണത്തിന് പുറമേ തേനും കുടംപുളിയും പുഴുങ്ങിയ മുട്ടയും പേനയും വരെ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നതും അമ്പരിപ്പിക്കുന്നതാണ്.

പ്രതിമാസം 2,500 രൂപ വാടകയുള്ള ഒറ്റമുറിയിലായിരുന്നു സുരേഷ്‌കുമാറിന്റെ താമസം. 20 വര്‍ഷത്തോളമായി മണ്ണാര്‍ക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ജോലിചെയ്തിരുന്ന ഇയാള്‍ പത്തുവര്‍ഷമായി ഈ വാടകമുറിയിലാണ് കഴിഞ്ഞിരുന്നത്. മാറാല പിടിച്ച മുറിക്കുള്ളിലാണ് 35 ലക്ഷം രൂപയും കിലോക്കണക്കിന് നാണയങ്ങളും സൂക്ഷിച്ചിരുന്നത്. 150 പേനകളും പത്തുലിറ്റര്‍ തേനും ഒരുചാക്ക് കുടംപുളിയും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം പ്രതി കൈക്കൂലിയായി വാങ്ങിയതാണെന്നാണ് വിവരം.

Advertisement