ദേശീയം
ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു
ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും മറ്റു സൈനിക ഉദ്യോഗസ്ഥരുടേയും മൃതദേഹം ഡൽഹിയിൽ എത്തിച്ചു. പ്രത്യേക വ്യോമസേന വിമാനത്തിലാണ് മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിൽ എത്തിച്ചത്. രാത്രി എട്ടരയോടെ അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങുകൾക്ക് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തും. പ്രധാനമന്ത്രി ഒൻപത് മണിയോടെ പാലം വ്യോമതാവളത്തിൽ എത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 9.15ന് എത്തി അന്തിമോപചാരം അർപ്പിക്കും. പ്രതിരോധ മന്ത്രി 8.50നാണ് എത്തുക.
അതേസമയം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലേക്ക് മാറ്റി. ഊട്ടി വെല്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ നിന്നും റോഡുമാർഗം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചശേഷം അവിടെ നിന്നും വിമാനമാർഗം ബംഗലൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബംഗലൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലാണ് വരുൺ സിങിനെ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ വരുൺസിങിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഏറ്റവും വിദഗ്ധ ചികിത്സ ഇദ്ദേഹത്തിന് ഉറപ്പാക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഹെലികോപ്ടർ ദുരന്തത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി വരുൺ സിങാണ്. കോപ്ടറിലുണ്ടായിരുന്ന 14 പേരിൽ 13 പേരും അപകടത്തിൽ മരിച്ചു.
ഊട്ടിക്കടുക്ക് കുനൂരിൽ ഇന്നലെ ഉച്ചയ്ക്കാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. സുലൂരുവിൽ നിന്നും വെല്ലിങ്ടണിൽ ഒരു സൈനിക പരിപാടിക്കായാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റ് 11 പേരും പോയത്. രാവിലെ വെല്ലിങ്ടണിലെ സൈനിക താവളത്തിൽ ബിപിൻ റാവത്തിന്റെയും സൈനികരുടേയും മൃതദേഹം പൊതുദർശനത്തിന് വെച്ചു.
തമിഴ്‌നാട് ഗവർണർ ആർ എൻ രവി, തെലങ്കാന ഗവർണർ തമിളിസൈ സൗന്ദർരാജൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സംസ്ഥാനമന്ത്രിമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. അവിടെ നിന്നും റോഡുവഴി സുലൂർ സൈനികതാവളത്തിലെത്തിച്ച ശേഷം വിമാനമാർഗം ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹം രാത്രിയോടെ ഡൽഹിയിലെത്തിച്ചു.
സംസ്‌കാരം നാളെ ഡൽഹിയിൽ
ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റേയും സംസ്‌കാരം നാളെ ഡൽഹിയിൽ നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി കൻറോൺമെൻറിലെത്തിക്കും. ബ്രോർ സ്ക്വയറിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകൾ.