കേരളം
175 മദ്യശാലകള്‍ കൂടി തുറക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍
175 മദ്യശാലകള്‍കൂടി തുടങ്ങണമെന്ന ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വാക്ഇന്‍ മദ്യശാലകള്‍ തുടങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശവും പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മദ്യക്കടകള്‍ പ്രദേശവാസികള്‍ക്ക് ശല്യമാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ടാണ് ബെവ്‌കോ സര്‍ക്കാരിനെ സമീപിച്ചത്. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പരാധീനതകള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഇത്തരമൊരു അഭിപ്രായം ബെവ്‌കോ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചത്.
എന്നാല്‍ ഇവയ്ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടുമില്ല.അതേസമയം, മദ്യവില്‍പ്പനശാലകള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ കാണാതിരിക്കാനാകില്ലെന്നും ചില പ്രദേശങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ മൂലം ആ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ട് ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.