കേരളം
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് : ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ
കാസർഗോഡ് ബേക്കലിൽ നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ. ബേക്കൽ റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് ഒര് മിനിറ്റ് സമയം നൽകിയാണ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചത്. ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസ്, നാഗർകോവിൽ- മംഗളൂരു സെൻട്രൽ എക്സ്പ്രസ്, എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് താൽക്കാലിക സ്റ്റോപ്പ്.
വൈകിട്ട് 5.29 ഓടെ ചെന്നൈ എഗ്മോർ എക്സ്പ്രസ് ബേക്കൽ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേരും. നാഗർകോവിൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് വൈകിട്ട് 7.47ന് എത്തിച്ചേരും. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് പുലർച്ചെ 3.42നും എത്തിച്ചേരും. അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് സംഘാടകർ പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജറുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ആണ് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഈ മാസം 22 മുതൽ 31 വരെയാണ് താൽക്കാലിക ക്രമീകരണം.
ഡിസംബർ 22ന് ആരംഭിക്കുന്ന ഫെസ്റ്റിന്റെ ആദ്യ ദിനം തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ ഉണ്ടാകും. 23ന് ശിവമണി ശരത് ,രാജേഷ് ചേർത്തല, പ്രകാശ് ഉള്ളിയേരി എന്നിവർ നയിക്കുന്ന ഫ്യൂഷൻ, 24ന് കെ.എസ്. ചിത്രയുടെയും സംഘത്തിന്റെയും സംഗീതവിരുന്ന്, 25ന് എം ജി ശ്രീകുമാറും സംഘവും നയിക്കുന്ന മ്യൂസിക് ഷോ, 26 ന് ശോഭനയുടെ നൃത്തപരിപാടി, 27ന് പത്മകുമാറിന്റെയും സംഘത്തിന്റെയും പഴയ പാട്ടുകൾ കോർത്തിണക്കിയ സംഗീത രാവ്, 28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര, 29ന് കണ്ണൂർ ശരീഫും സംഘവും അവതരിപ്പിക്കുന്ന പരിപാടി, 29ന് ഗൗരീലക്ഷ്മി നയിക്കുന്ന പരിപാടി, സമാപന ദിവസമായ 31ന് റാസാ, ബീഗം എന്നിവർ നയിക്കുന്ന ഗസൽ എന്നിങ്ങനെയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.