കേരളം
ബാറുകള്‍ അടഞ്ഞുകിടക്കും; നികുതി സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായില്ല
സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. നികുതി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍, വെയര്‍ ഹൗസ് മാര്‍ജിന്‍ കുറയ്ക്കുന്നതില്‍ തീരൂമാനമാകാത്ത സാഹചര്യത്തിലാണ്, ബാറുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തിയത്.
സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമെ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ബാറുകള്‍ അടച്ചത്.
എട്ട് ശതമാനമായിരുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ ബാറുകള്‍ക്ക് 25 ശതമാനമായും കണ്‍സ്യൂമര്‍ ഫെഡിന് 20 ശതമാനവുമാണ് ഉയര്‍ത്തിയത്. പാഴസല്‍ കച്ചവടം മാത്രമുള്ളതിനാല്‍ ഇത് വന്‍ നഷ്ടമാണുണ്ടാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.ചരിത്രത്തിലാദ്യമായാണ് ബാറുകൾ സ്വമേധയാ അടച്ചിടുന്നത്. മദ്യശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടും കേരളത്തിലെ ബാറുകൾ തുറന്നിട്ടില്ല.
കേരളത്തിൽ മദ്യത്തിന്റെ മൊത്തവിതരണക്കാരായ ബവ്റിജസ് കോർപറേഷൻ സ്വന്തം ലാഭവിഹിതം എട്ടിൽ നിന്ന് 25 ശതമാനമായി ഉയർത്തിയതോടെയാണു ബാറുടമകളുടെ പ്രതിഷേധം. ബവ്കോ ഔട്ട്ലറ്റിലെ വിലയ്ക്കു പാഴ്സൽ വിൽക്കാൻ മാത്രമാണ് ഇപ്പോൾ അനുമതിയെന്നതിനാൽ, കോർപറേഷൻ കൂടുതൽ ലാഭമെടുക്കുമ്പോൾ തങ്ങൾ നഷ്ടത്തിലേക്കു നീങ്ങുമെന്നാണ് ഇവരുടെ വാദം.