Kerala
സ്വഭാവദൂഷ്യം; ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി


മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച മൂന്ന് ഡ്രൈവർമാരെയും, മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡിപ്പോ ജീവനക്കാരൻ, സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എടിഒ അടക്കം അഞ്ച് പേരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.
ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയ വൈക്കം യൂണിറ്റിലെ ഡ്രൈവർ സി ആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവർ ലിജോ സി ജോൺ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
പോലീസ് പരിശോധനയിൽ പിടിയിലായ ഇവരെ ഞാൻ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ആയിരം പ്രാവശ്യം പോലീസ് സ്റ്റേഷനിൽ ഇരുത്തി എഴുതിപ്പിച്ചതും ഈ ജീവനക്കാർ യൂണിഫോമിൽ ഇരുന്ന് എഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് കോർപ്പറേഷന്റെ സത്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി 21 ന് മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർ വി. രാജേഷ് കുമാർ കോഴഞ്ചേരി- കോട്ടയം സർവ്വീസ് നടത്തവെ കറുകച്ചാൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ വി രാജേഷിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുടണ്ടാകുന്ന വിധത്തിൽ സർവ്വീസ് നടത്തുകയും പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് സർവ്വീസ് മുടങ്ങുകയും, യാത്രക്കാർക്ക് യാത്രാക്ലേശം ഉണ്ടാകുകയും കോർപ്പറേഷന് 7,000 രൂപ വരുമാന നഷ്ടം ഇയാൽ ഉണ്ടാക്കുകയും ചെയ്തു.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പത്തനംതട്ട ഗ്യാരേജിലെ സ്റ്റോർ ഇഷ്യൂവർ വി.ജെ പ്രമോദിനേയും സസ്പെൻഡ് ചെയ്തു. മാർച്ച് 2 ന് ഡ്യൂട്ടിക്കെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു
ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിയിൽ ഹാജരാകുകയോ, ജോലിക്കിടയിൽ മദ്യപിക്കുകയോ, മദ്യപിച്ച് ഓഫീസ് പരിസരത്ത് പ്രവേശിക്കുകയോ ചെയ്യരുതെന്ന സിഎംഡിയും ഉത്തരവ് ലംഘിച്ച് സാഹചര്യവും കണത്തിലെടുത്ത്, ഗുരുതരമായ അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവും എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് തൊടുപുഴ ക്ലസ്റ്റർ ഓഫീസർ വി.എസ് സുരേഷ് (അസി. ട്രാൻസ്പോർട്ട് ഓഫീസർ) ന്റെ ക്യാബിനിൽ വെച്ച് നടന്ന മീറ്റിംഗിൽ അസിസ്റ്റ്റ്റ് ജാക്സൻ ദേവസ്യയുമായി വാക്കേറ്റം നടത്തുകയും, തുടർന്ന് കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് വി.എസ് സുരേഷിനെ സസ്പെൻഡ് ചെയ്തത്.
പ്രവർത്തിയിലും, പെരുമാറ്റത്തിലും മാതൃക കാട്ടേണ്ട മേലുദ്യോഗസ്ഥൻ മറ്റ് ഉദ്യോഗസ്ഥരുടെ മുന്നിൽ ജീവനക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, കൈയ്യേറ്റം നടത്തുകയും ചെയ്ത പ്രവർത്തി ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നുമാണ് വി.എസ് സുരേഷിനെ സസ്പെൻഡ് ചെയ്തത്.