കേരളം
ആറ്റുകാൽ പൊങ്കാല മാർച്ച് 7ന്
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇത്തവണ മാർച്ച് ഏഴിന്. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാനാണ് തീരുമാനം. ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന മേൽനോട്ടത്തിലായിരിക്കും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാൻ ഒരുകാരണവശാലും അനുവദിക്കില്ല.
ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, താൽക്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നൽകുന്ന കുടിവെള്ളം, ആഹാരസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡൽ ഓഫീസറായി സബ് കലക്ടർ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വിൽപനയും തടയാൻ കർശനമായ പരിശോധന നടത്തും. ‘ആറ്റുകാൽ ഉത്സവ കമ്മിറ്റി’ എന്ന പേര് പുറത്തുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നത് തടയും. ഉത്സവദിവസങ്ങളിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും.