കേരളം
ചൈല്‍ഡ് ലൈനില്‍ പരാതി നല്കാന് പോയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം
ബസ് ഇല്ലാത്തതിനാൽ രാത്രി നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30 തോടെയാണ് സംഭവം.
ചൈൽഡ് ലൈനിൽ പരാതി നൽകാനായി പോയ ശേഷം തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിൽ എത്തിയ ഇവർ പൂവച്ചൽ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ കാൽനടയായി വരികയായിരുന്നു. പൂവച്ചൽ പുന്നാംക്കരിക്കകം വളവിൽ വച്ച് ബൈക്കിൽ എത്തിയ രണ്ടു യുവാക്കൾ ബബിതയോട് മോശമായി സംസാരിച്ചു. തുടർന്ന് ഇവർ യുവാക്കളെ ചീത്ത വിളിച്ചു. യുവാക്കൾ മടങ്ങിപ്പോയി തിരികെ എത്തി ബബിതയുടെ നാഭിക്ക് തൊഴിച്ചു. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലേക്കു പാഞ്ഞു.
ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ച ശേഷം ബബിതയെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന ഇരുവരെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വിതുര സ്വദേശികൾ ആണ് ബൈക്കിലുണ്ടായിരുന്നത്. ഇവർ പോത്തൻകോട് ഉള്ള സുഹൃത്തിനു കാശ് കൊടുക്കാൻ പോയതാണ് എന്നും കാട്ടാക്കടയിൽ മദ്യപിക്കാനാണ് വന്നെതെന്നുമാണ് പൊലീസിനോട് പറഞ്ഞത്.