ദേശീയം
രാജ്യം വിട്ട വ്യവസായികളുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും കൈമാറി.
ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക. ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ 80.45 ശതമാനമാണിത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. ഇതില്‍ 9371.17 കോടി ബാങ്കുകള്‍ക്കും കേന്ദ്രസര്ക്കാരിനുമായി കൈമാറിയെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു.
വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്. മല്യ 9,000 കോടി രൂപയുടെയും മോദിയും ചോക്സിയും ചേര്‍ന്ന് 14,500 കോടി രൂപയുടെയും വായ്പാതട്ടിപ്പാണ് നടത്തിയത്.