Kerala
അരിക്കൊമ്പൻ നിൽക്കുന്നത് മദപ്പാടുള്ള ആനകളുടെ നടുവിൽ; ദൗത്യം നിർണായക ഘട്ടത്തിൽ


അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറിൽ. ഏഴ് മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനാണ് നീക്കം. ഒരു കൂട്ടം ആനകൾക്കിടയിലാണ് അരിക്കൊമ്പൻ കാട്ടാന നിൽക്കുന്നത്. ഇതിൽ മദപ്പാടുള്ള ആനകളുമുണ്ടെന്നാണ് റിപ്പോർട്ട്.
അരിക്കൊമ്പന് മയക്കുവെടി കൊണ്ടു കഴിഞ്ഞാൽ ഒരുകൂട്ടം ആനകളുള്ളതിനാൽ അവ ചിതറിയോടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ അഞ്ച് കി.മി ആന നിർത്താതെ ഓടാനും സാധ്യതയുണ്ട്.
മയക്കുവെടിവച്ച ശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനാണ് നീക്കം. പിന്നാലെ പൊലീസ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹായത്തോടെ കാട്ടാനയെ മാറ്റും.
എന്നാൽ അരിക്കൊമ്പനെ പിടികൂടിയ ശേഷം എങ്ങോട്ട് മാറ്റും എന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജനവാസമേഖലയിലേക്കല്ല ഉൾക്കാട്ടിലേക്കാണ് അരിക്കൊമ്പനെ മാറ്റുകയെന്ന് ഡിഎഫ്ഒ രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.