കേരളം
ലോകായുക്ത വിധിക്കെതിരെ കോടതിയെ സമീപിക്കാം; സർക്കാരിന് നിയമോപദേശം ലഭിച്ചു
കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. കേസില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
ലോകായുക്തയുടെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മന്ത്രിയെ നീക്കണമെന്ന നിര്‍ദേശം അത്ര ലളിതമായി എടുക്കാവുന്നതല്ല.അഡ്വക്കേറ്റ് ജനറലാണ് സർക്കാരിന് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയത്.
ലോകായുക്ത വിധിക്കെതിരെ സര്‍ക്കാരിന് റിട്ട് ഹര്‍ജിയുമായി മേല്‍ക്കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. നിലവില്‍ കെ.ടി. ജലീല്‍ വ്യക്തിപരമായാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും അടുത്തദിവസം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.