കേരളം
സ്മാര്‍ട് റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; ഉദ്ഘാടനം ഇന്ന്
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ സ്മാര്‍ട് കാര്‍ഡ് രൂപത്തിലേയ്ക്ക് മാറുന്നു. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയില്‍ എടിഎം കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലും പിവിസി റേഷന്‍ കാര്‍ഡ് ആയാണ് മാറുന്നത്.
പുതിയ കാര്‍ഡില്‍ ക്യൂആര്‍ കോഡും ബാര്‍ കോഡും ഉണ്ടാകും. നിലവിലുള്ള പുസ്തക രൂപത്തിലോ, ഇ-കാര്‍ഡ് രൂപത്തിലോ ഉള്ള റേഷന്‍ കാര്‍ഡുകളുടെ സാധുത ഇല്ലാതാകുന്നില്ല. അവ തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.
ആവശ്യമുള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിയ്ക്ക് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി ആര്‍ അനില്‍ നിര്‍വ്വഹിക്കും.
പുതിയ സ്മാര്‍ട് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളു. ഓണ്‍ലൈന്‍ അപേക്ഷ ഫീസ് ഒടുക്കേണ്ടതില്ല. അപേക്ഷകന്റെ മൊബൈല്‍ ഫോണിലേയ്ക്ക് വരുന്ന രഹസ്യ പാസ് വേര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് പ്രിന്റ് ചെയ്‌തെടുക്കാവുന്നതാണ്.സ്മാര്‍ട് റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കാനോ കാര്‍ഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളില്‍ പോകേണ്ടതില്ല.