കേരളം
പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് വിട്ടയച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എം.ടി. ഷെമീറാണ് പരാതിനൽകിയത്. സുധാകരൻ മോൻസന്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അറസ്റ്റ് വേണ്ടിവന്നാൽ ജാമ്യമനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ രണ്ടാ പ്രതിയാണ് കെ. സുധാകരൻ. കേസിലെ പരാതിക്കാർ നൽകിയ പത്ത് ലക്ഷം രൂപ കെ. സുധാകരന്റെ കൈവശം എത്തിയിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ പതിനൊന്നു മണിയോടുകൂടിയാണ് കെ. സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. ഏഴുമണിക്കൂറിലേറെ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് അറസ്റ്റ് നടപടി.
രാഷ്ട്രീയ പ്രേരിത കേസ് ആണെന്നായിരുന്നു സുധാകരൻ നേരത്തെ ആരോപിച്ചിരുന്നത്. എന്നാൽ പത്ത് ലക്ഷം രൂപ മോൻസൺ കെ. സുധാകരന് നൽകിയതിനുള്ള തെളിവുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവറുടെ മൊഴിയും രണ്ട് ജീവനക്കാരുടെ മൊഴിയുമാണ് സുധാകരനെതിരെയുള്ള തെളിവായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. 25 ലക്ഷം രൂപ പരാതിക്കാരൻ മോൻസണ് വീട്ടിലെത്തി കൈമാറുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നു എന്നാണ് പരാതിക്കാരന്റെ മൊഴി. ഈ ഘട്ടത്തിൽ സുധാകരൻ അവിടെ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു.