കേരളം
രാജ്യത്തെ ആറാമത്തെ മികച്ച മെഡിക്കല്‍ കോളജായി കൊച്ചി അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍
അമൃത വിശ്വവിദ്യാ പീഠത്തിന്റെ കീഴിലുള്ള കൊച്ചി അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ രാജ്യത്തെ ആറാമത്തെ മികച്ച മെഡിക്കല്‍ കോളജ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലാണ്, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഇടംപിടിച്ചത്.
രാജ്യത്തെ മികച്ച മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് അമൃത.കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഏഴാം സ്ഥാനത്ത് ആയിരുന്നു. ഫാര്‍മസി, ഡെന്റല്‍ കോളജുകളുടെ പട്ടികയിലും അമൃത ഇടംപിടിച്ചിട്ടുണ്ട്.
കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി പന്ത്രണ്ടാം സ്ഥാനത്തും അമൃത സ്‌കൂള്‍ ഓഫ് ഡെന്‍ടിസ്ട്രി പതിമൂന്നാംസ്ഥാനത്തുമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ കോയമ്പത്തൂര്‍ ആസ്ഥാനമായ അമൃത വിശ്വവിദ്യാ പീഠം പന്ത്രണ്ടാം സ്ഥാനത്തെത്തി. യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനവും എന്‍ജിനിയറിങ് കോളജ് വിഭാഗത്തില്‍ പതിനാറാം സ്ഥാനവും അമൃതയ്ക്കാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ആദ്യ പത്തിലാണ് അമൃതയുടെ സ്ഥാനം. കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ് നേട്ടം കൈവരിക്കാനായതെന്ന് അമൃത വിശ്വവിദ്യാ പീഠം വൈസ് ചാന്‍സലര്‍ ഡോ. പി വെങ്കട് രംഗന്‍ പറഞ്ഞു.