കേരളം
പഠനത്തിനായുള്ള വിഹിതം 10ശതമാനത്തിൽ താഴെ , കോവിഡ് കാലത്ത് വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറച്ച രാജ്യങ്ങളിൽ ഇന്ത്യയും; ലോക ബാങ്ക് റിപ്പോർട്ട്
കോവിഡ് മഹാമാരിക്കിടെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസ ബജറ്റുകൾ 65 ശതമാനം വെട്ടിക്കുറച്ചെന്ന് ലോക ബാങ്ക് റിപ്പോർട്ട്. ഈ വിഭാഗത്തിലുള്ള രാജ്യങ്ങളിലെ സർക്കാർ ചെലവുകളുടെ നിലവാരം സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കുന്നതിന് ആവശ്യമായതിനേക്കാൾ കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതേസമയം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 33 ശതമാനം മാത്രമാണ് വിദ്യാഭ്യാസ ബജറ്റിൽ കുറവു വരുത്തിയത്.
യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് (ജിഇഎം) റിപ്പോർട്ടുമായി സഹകരിച്ചാണ് ഈ കണ്ടെത്തലുകൾ. വിദ്യാഭ്യാസ ബജറ്റുകളിൽ കോവിഡ് മഹാമാരി വരുത്തിയ ഹ്രസ്വകാല ആഘാതത്തെക്കുറിച്ച് മനസിലാക്കാൻ ലോകത്തിലെ 29 രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്കൂൾ, യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന കുട്ടികളുടെ 54 ശതമാനം പേർ ഈ വിവരശേഖരണത്തിൽ പങ്കാളികളായി.
പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് അനുസൃതമായി സ്കൂളുകളെ പരുവപ്പെടുത്താനും സ്കൂൾ അടച്ചപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട പഠനാവസരം ലഭ്യമാക്കാനുമായി മറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിന് അധിക ചെലവ് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ ബജറ്റ് വലിയ തോതിൽ വെട്ടിക്കുറച്ചത്. അർജന്റീന, ബ്രസീൽ, ഈജിപ്ത്, ഇന്ത്യ, മ്യാൻമർ, നൈജീരിയ, പാകിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാഭ്യാസ വിഹിതം 10 ശതമാനത്തിൽ താഴെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക അവസ്ഥ കൂടുതൽ വഷളാകുമെന്നിറിക്കെ ഭാവിയിൽ ശുഭകരമായ മാറ്റത്തിന് സാധ്യത കുറവാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.