കേരളം
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; ഇന്ന് കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കു൦. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നതിനിടെയാണ്.
എന്നാല്, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ തള്ളിയിരുന്നു. തന്റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം തെറ്റാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. അതേസമയം, അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിലാണ് ദിലീപിന്റെ മറുപടി. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം കിട്ടി മൂന്ന് മാസമായിട്ടും തുടർപരിശോധന നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങൾ മുഴുവനായും മുംബൈയിലെ ലാബിൽ നിന്ന് കിട്ടിയിരുന്നെന്നും ദിലീപ് ക്രൈംബ്രാഞ്ച് ആവശ്യത്തെ എതിർത്ത് കൊണ്ട് കോടതിയെ അറിയിച്ചു.