ദേശീയം
തമിഴക വെട്രി കഴകം; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജയ്
നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.
പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര് നല്‍കിയേക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ എന്നാൽ തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്.
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം സജീവമാക്കി വിജയ് രംഗത്തിറങ്ങിയത്.
68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, വായനശാലകള്‍, സായാഹ്ന ട്യൂഷന്‍, നിയമസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയ് ഫാന്‍സ് തമിഴ്‌നാട്ടിലുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്.