ആരോഗ്യം
കാസര്‍കോട് ജില്ലയില്‍ പൊതു ഇടങ്ങളില്‍ 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും വന്നാല്‍ നടപടി: കളക്ടര്‍
സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതു ഇടങ്ങള്‍, അക്ഷയാ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ 65 വയസ്സിനു മുകളില്‍ ഉളളവരും, 10 വയസ്സിനു താഴെ പ്രായമുളള കുട്ടികളും വരുന്നതിന് കാസർകോട് ജില്ലയിൽ അനുവദിക്കില്ല. ഇവര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍, 65 വയസ്സിനു മുകളില്‍ ഉളളവര്‍ക്കെതിരെ കേസ് എടുക്കുന്നതിനും, 10 വയസ്സിനു താഴെ പ്രായമുളള കുട്ടികളാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്കെതിരേയും കേസ് എടുക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചവരില്‍ വീട്ടില്‍ സൌകര്യം ഇല്ലാത്തവരേയും നിര്‍ദ്ദേശം ലംഘിക്കുന്നവരെയും മാത്ര മാത്രമാണ് സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റുക.ട്രെയിന്‍ സര്‍വ്വീസ്, ഫ്‌ലൈറ്റ് സര്‍വ്വീസുകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. അതിനാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും കൂടതല്‍ ജാഗ്രത പുലര്‍ത്തണം. റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങുന്നവര്‍ മറ്റ് വഴികളിലൂടെ പുറത്ത് കടന്ന് പോകാന്‍ സാധ്യതയുളളതിനാല്‍ ഇവിടങ്ങളില്‍ ഉളള എല്ലാ വഴികളിലും ആവശ്യമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
ബിസിനസ് എക്‌സിക്യൂട്ടീവ്‌സ്, ഐ ടി പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് വന്നു പോകുന്നതിന് ഷോര്‍ട്ട് വിസിറ്റ് പാസ് സര്‍ക്കാര്‍ ഏഴ് ദിവസത്തേക്ക് അനുവദിച്ചിട്ടുണ്ട്. അവരെ ക്വാറന്റൈന്‍ ചെയ്യില്ല. എന്നാല്‍ ഏഴ് ദിവസത്തിനകം മടങ്ങിപ്പോകണം. അങ്ങനെ എത്തിയിട്ടുളളവര്‍ താമസിക്കുന്ന സ്ഥലം ജെ എച്ച് ഐ അടങ്ങുന്ന സംഘം കൃത്യമായി നിരീക്ഷിക്കണമെന്നും, വിവരങ്ങള്‍ ശേഖരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.