കേരളം
കൊല്ലത്ത് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ പ്രതിയുടെ കയ്യേറ്റശ്രമം
പോലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. ആയത്തിൽ സ്വദേശി വിഷ്ണുവാണ് കയേറ്റശ്രമം നടത്തിയത്. പരിശോധന ടേബിൾ ചവിട്ടി മറിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും ഹൗസ് സർജന്മാരും ഓടി മാറിയതിനാലാണ് ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയ വിഷ്ണുവിനെ അഞ്ചാലുംമൂട് പോലീസാണ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്. പ്രതി അതിക്രമം തുടരുമ്പോഴും വൈദ്യ പരിശോധന പൂർത്തിയാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്നും പരാതിയുണ്ട്.
അതിദാരുണമായി ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ ഞെട്ടലിൽ നിന്ന് കേരളം കരകയറുന്നതിന് മുൻപാണ് ഇത്തരത്തിൽ വീണ്ടും സംഭവം ഉണ്ടായിരിക്കുന്നത്. ആശുപത്രികളിൽ സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാനുള്ള കാലതാമസം പ്രശ്നങ്ങളെ വീണ്ടും രൂക്ഷമാക്കുകയാണ്.
അതേസമയം, ഡോക്ടർ വന്ദന ദാസിൻ്റെ കൊലപാതകം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിരുന്നു. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും. റൂറൽ എസ്.പി. എം.എൽ. സുനിൽ അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. എഫ്ഐആറിലെ പിഴവുകൾ ഉൾപ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം മാറ്റിയത്.
കൊലപാതകക്കേസ് പ്രതി സന്ദീപിന്റെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ കിട്ടിയില്ല. പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ച ആളെയും കണ്ടെത്താനായിട്ടില്ല. പുലർച്ചെ പ്രതി പൊലീസിനെ ഫോണിൽ വിളിക്കുന്നതിന് മുൻപ് ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികക്ക് വീഡിയോ സന്ദേശം അയച്ചു. തന്നെ ചിലർ കൊല്ലാൻ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തിൽ സന്ദീപ് പറഞ്ഞത്.
ഈ മാസം പത്തിനാണ് കേരള ഞെട്ടിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.