ദേശീയം
ഋതുമതിയായ പെൺകുട്ടിയ്‌ക്ക് ഇഷ്‌ടമുളളയാളെ വിവാഹം ചെയ്യാം; 17കാരിയുടെ ഹർജി അംഗീകരിച്ച് ഹൈക്കോടതി
പ്രായപൂർത്തിയായിട്ടില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിയ്‌ക്ക് ഇഷ്‌ടമുളളയാളെ വിവാഹം ചെയ്യാൻ മുസ്ലിം വ്യക്തി നിയമമനുസരിച്ച് സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി. സർ ദിൻഷാ ഫർദുൻജി മുല്ല രചിച്ച ‘മുഹമ്മദീയൻ നിയമതത്വങ്ങൾ’ എന്ന കൃതിയിലെ 195ആം വകുപ്പനുസരിച്ചും മുസ്ളിം വിവാഹവുമായി ബന്ധമുളള മറ്റ് ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനമാക്കിയാണ് കോടതി ഈ വിധി പ്രസ്‌താവിച്ചത്.
ജനുവരി 21 ന് വിവാഹിതരായ 36 വയസുകാരനും 17കാരിയായ പെൺകുട്ടിയും നൽകിയ ഹർജിയിലാണ് ഈ വിധി. മുഹമ്മദീയൻ നിയമതത്വങ്ങൾ പ്രകാരം പ്രായപൂർത്തിയാകാത്തവരുടെയും സ്ഥിരബുദ്ധിയില്ലാത്തവരുടെയും വിവാഹകരാറിന് രക്ഷകർത്താക്കൾക്ക് അവകാശമുണ്ട്.
എന്നാൽ മാനസികാരോഗ്യമുളള പ്രായപൂർത്തിയായവരുടെ പൂർണസമ്മതമില്ലാത്ത വിവാഹം നിയമസാധുത ഇല്ലാത്തതാണെന്നും 195 ആം വകുപ്പിലുണ്ട്. ഋതുമതിയായതിന്റെ തെളിവില്ലെങ്കിൽ 15 വയസുളള പെൺകുട്ടിയ്‌ക്ക് പ്രായപൂർത്തിയായതായി കണക്കാക്കും.
പെൺകുട്ടിയുടെ വിവാഹത്തിനുളള സ്വാതന്ത്ര്യം മുസ്ളീം വ്യക്തിനിയമപരിധിയിൽ വരുന്നതാണ് ഇക്കാര്യത്തിൽ കുടുംബാംഗങ്ങൾ ഇടപെടേണ്ടെന്നും ഇവർക്ക് എതിർപ്പുണ്ടെങ്കിലും ദമ്പതികൾക്കുളള മൗലികാവകാശം തടയാനാകില്ലെന്നും കോടതി വിധിയിൽ പറഞ്ഞു.