കേരളം
തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ വീതി കൂട്ടൽ ആദ്യ ഘട്ടം പൂര്‍ത്തിയായി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ സ്ട്രിപ്പ് വീതി കൂട്ടുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. റൺവേയുടെ ഇരുവശത്തുമുള്ള സ്ട്രിപ്പിന്റെ വീതി 75 മീറ്ററിൽ നിന്ന് 110 മീറ്ററായാണ് കൂട്ടിയത്. ലാൻഡിംഗ്, ടേക്ക് ഓഫ് സമയങ്ങളിൽ റൺവേയിൽ നിന്ന് ഓവർഷൂട്ട് സംഭവിച്ചാൽ വിമാനം സുരക്ഷിതമാക്കാനുള്ള വ്യോമയാന സുരക്ഷാ നടപടികളുടെ ഭാഗമായാണ് വീതി കൂട്ടിയത്.
ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നിർമാണം. വീതി കൂട്ടുന്നതിനൊപ്പം റൺവേയുടെ ഇരുവശങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രേഡിംഗ് ഉറപ്പാക്കിയിട്ടുണ്ട്. കോഡ് ഇ വിഭാഗത്തിൽപ്പെട്ട റൺവേയുടെ ആകെ നീളം 3374 മീറ്ററും വീതി 45 മീറ്ററുമാണ്. ഈ വിഭാഗത്തിലുള്ള റൺവേയിൽ ബോയിംഗ് 777/787, എയർബസ് 330/350 ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾക്കും ഇറങ്ങാൻ കഴിയും. റെക്കോർഡ് സമയ പരിധിക്കുള്ളിലാണ് സ്ട്രിപ്പ് നവീകരണം പൂർത്തിയാക്കിയത്.
അതേസമയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സൗകര്യം ഏർപ്പെടുത്തി. എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ക്രമീകരിച്ച ഫാസ്ടാഗ് സ്കാനറുകൾ വഴിയാണ് ഫീ സ്വീകരിക്കുക. എന്നാൽ നിലവിലെ പാർക്കിങ് നിരക്കുകളിൽ മാറ്റമുണ്ടാവില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
യാത്രക്കാർക്ക് പാര്‍ക്കിങ് ഫീസ് അടയ്ക്കാനും രസീത് വാങ്ങാനും മറ്റും എന്‍ട്രി, എക്സിറ്റ് ഗേറ്റുകളിൽ ഏറെ സമയം കാത്തു നിൽക്കുന്നത് ഫാസ്ടാഗ് വരുന്നത്തോടെ ഒഴിവാകും. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളുടെ ഗേറ്റുകളിലും ഫാസ്ടാഗ് വാഹനങ്ങൾക്ക് പ്രത്യേക ലൈൻ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ മതിയായ ബാലൻസ് ഫാസ്ടാഗ് അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിലെ രീതിയിൽ തന്നെ പണം ഈടാക്കുന്നത് തുടരും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!