കേരളം
ഉത്തരേന്ത്യയിൽ ശൈത്യ തരംഗം ശക്തം; അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരും
ഉത്തരേന്ത്യയിൽ ശൈത്യ തരംഗം ശക്തമാകുന്നതോടെ ജവജീവിതം ദുസഹമായി. അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ താപനില 2 സെൽഷ്യസ് വരെ കുറയുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 10 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപനിലയാകുമെന്നും പ്രവചനമുണ്ട്.
അഞ്ച് ദിവസം മുമ്പ് ഡൽഹി വിമാനത്താവളം വഴിയുള്ള ഭൂരിഭാഗം സർവീസുകളും മൂടൽ മഞ്ഞിനെ തുടർന്ന് വൈകുകയും, വിമാനം വൈകുമെന്നറിഞ്ഞ രോഷത്തിൽ ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിക്കുകയും ചെയ്തിരുന്നു. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ആണ് ശൈത്യം കനക്കുന്നത്. മൂടൽ മഞ്ഞിനെ തുടർന്ന് റെയിൽ റെഡ് വ്യോമ ഗതാഗതം വിവിധ ഇടങ്ങളിൽ താറുമാറായി.
കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തിൽ റോഡ് യാത്രികരോടും ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മൂടൽമഞ്ഞ് പലയിടത്തും കാഴ്ച മറയ്ക്കാൻ ഇടയാക്കിയതിനാൽ, അനാവശ്യ യാത്രകൾ ഒഴിവാക്കാനും വാഹനമോടിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിർദ്ദേശിച്ചു.