കേരളം
ഷെഹ്നയുടെ മരണം: പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്പെന്ഷന്
തിരുവല്ലം സ്വദേശിനി ഷെഹ്നയുടെ ആത്മഹത്യയില്‍ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടി. കടയ്ക്കല്‍ പൊലീസ് സ്റ്റേഷന് സിവില്‍ പൊലീസ് ഓഫീസര്‍ ഒ നവാസിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് പിന്തുടരുന്ന വിവരം നവാസ് പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നു. തിരുവല്ലം സിഐ നവാസിനെതിരെ പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഭർത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെ തുടർന്നാണ് ഷഹ്ന വീട്ടിനുള്ളിൽ ആത്ഹത്യ ചെയ്തത്. ഭർതൃവീട്ടില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷഹ്ന നേരിട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഷെഹ്നയുടെ മരണത്തിന് പിന്നാലെ നൗഫലും സുനിതയും വീട്ടിൽ നിന്നും കടന്നുകളഞ്ഞിരുന്നു.
മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇവർ കടയ്ക്കൽ ഭാഗത്തെ ബന്ധുവിട്ടിലെത്തിയതായി പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടാൻ കടയ്ക്കൽ പൊലീസിന്റെ സഹായം തേടി. മൊബൈൽ ലൊക്കേഷനും നൽകി. ഈ വിവരം നവാസ് പ്രതികളെ അറിയിക്കുകയും, കാറും മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെടാൻ നിർദേശിച്ചുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.