കേരളം
ദിവസം 80,000 പേർ വരെ: മകരവിളക്ക് കാലത്തെ വെർച്വൽ ക്യൂ നിറഞ്ഞു: ഇനി സ്‌പോട്ട് ബുക്കിങ്
മകരവിളക്കു കാലത്തേക്കുള്ള ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ബുക്കിങ്ങാണ് പൂർത്തിയായത്. 80,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. 15 വരെയുള്ള ബുക്കിങ് പൂർത്തിയായതായി ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു അറിയിച്ചു. പ്രതിദിനം പതിനായിരം പേർക്ക് സ്‌പോട്ട് ബുക്കിങ്ങും നടത്താം.
മണ്ഡലകാല പൂജകൾക്ക് ശേഷം അടച്ച ശബരിമല 30-ന് വൈകീട്ട് അഞ്ചിനാണ് തുറക്കുക. അതിനാൽ അതേ ദിവസത്തെ വെർച്വൽക്യൂ ബുക്കിങ് 26,000 എന്ന് നിജപ്പെടുത്തിയിരുന്നു. ഇത് പൂർത്തിയായി. കൂടാതെ 10000 സ്‌പോട്ട് ബുക്കിങ്ങും ഉണ്ടായിരിക്കും. തിരക്ക് വർധിക്കുമെന്ന് കരുതുന്ന ജനുവരി 14, 15 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിങ് 50,000 എന്നും നിജപ്പെടുത്തി. അന്നും 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് നടത്താം.
ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. ശബരിമലയില്‍ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോര്‍ഡില്‍. കാണിക്ക എണ്ണാന്‍ ബാക്കിനില്‍ക്കേയാണ് വരുമാനം 241.71 കോടി രൂപയായി ഉയര്‍ന്നത്. കഴിഞ്ഞ തവണത്തേതിലും 18.72 കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.