കേരളം
ഡിജിപിയുടെ വീട്ടിലേക്കുള്ള പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ച; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോർച്ച പ്രതിഷേധത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. ഡിജിപിയുടെ വീട്ടിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർആർആർഎഫിലെ പൊലീസുകാരായ മുരളീധരരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടിയെടുത്തത്.
ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഐജി സസ്പെൻഡ് ചെയ്തത്. ഡിജിപിയുടെ വീട്ടിലേക്ക് മഹിളാ മോർച്ചാ പ്രവർത്തകർ അതിക്രമിച്ചു കയറുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇവരെ സ്ഥലത്ത് നിന്നും മാറ്റുന്നതിന് വളരെ ബുദ്ധിമുട്ടിയിരുന്നു.
പിന്നീട് പൊലീസെത്തിയാണ് ഇവരെ ബലംപ്രയോഗിച്ച് നീക്കിയത്.
ഡിജിപിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെയാണ് പൊലീസുകാർ ഗേറ്റ് തുറന്നതെന്നും നടപടി പൊലീസിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.