കേരളം
‘പുലരി വിരിയും മുന്‍പേ’ : റിപ്പര്‍ ജയാനന്ദന്റെ പുസ്തക പ്രകാശനം ഇന്ന്
അഞ്ച് കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയവെ ജയാനന്ദന് എഴുതിയ ‘പുലരി വിരിയും മുന്‍പേ’ എന്ന പുസ്തകം എറണാകുളം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിനായി ജയാനന്ദന് ഹൈക്കോടതി രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. അഭിഭാഷകയായ മകള്‍ കീര്‍ത്തി മുഖേന ഭാര്യ ഇന്ദിരയാണ് പരോള്‍ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബര്‍ 22, 23 തീയതികളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
രാവിലെ 10.30ന് കൊച്ചിയിലാണ് പുസ്തക പ്രകാശന ചടങ്ങ്. ഡോ. സുനില്‍ പി. ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പാലക്കാട് വിളയൂര്‍ ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് ജയാനന്ദന് രചിച്ച പുസ്തകത്തിന്റെ പ്രസാധകര്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ജയാനന്ദന് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി തടവില്‍ കഴിയുന്ന ജയാനന്ദന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് കഴിയുന്നത്. നേരത്തെ മാര്‍ച്ച് മാസത്തില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ജയാനന്ദന് ഹൈക്കോടതി പരോള്‍ അനുവദിച്ചിരുന്നു. 17 വര്‍ഷത്തെ തടവിനിടയിലെ ആദ്യ പരോളായിരുന്നു ഇത്..
അഞ്ച് കൊലപാതകക്കേസിൽ പ്രതിയായിട്ടും അച്ഛന് പരോൾ ലഭിക്കാൻവേണ്ടി മകൾ നടത്തിയ നിയമപോരാട്ടത്തെ കോടതി അഭിനന്ദിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ‘സൂര്യനായി തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം’ എന്നാരംഭിക്കുന്ന ഗാനവും വിധിന്യായത്തിൽ ഉൾപ്പെടുത്തി.
തൃശ്ശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിലാണ് റിപ്പർ ജയാനന്ദൻ. 17 വർഷമായി തടവുശിക്ഷ അനുഭവിക്കുന്നു. അഞ്ചു കൊലപാതക്കേസടക്കം 23 കേസുകളാണുള്ളത്. രണ്ടുതവണ ജയിലും ചാടി. മൂന്ന് കൊലപാതക്കേസുകളിൽ കുറ്റവിമുക്തനാക്കി. 17 വർഷത്തെ ജയിൽവാസം ജയാനന്ദനെ ഏറെ മാറ്റിയെന്നും നോവലും കഥയുമൊക്കെ എഴുതുന്നത് ആ പരിവർത്തനത്തിന്റെ ഭാഗമാണെന്നും ഹർജിക്കാരി വാദിച്ചു. പുസ്തകത്തിന്റെ കോപ്പിയും കോടതിയിൽ നൽകിയിരുന്നു.