കേരളം
2 ലക്ഷം രൂപയുടെ കശുവണ്ടിപരിപ്പ്, 30 അടി വിസ്തീർണം, കൊല്ലത്ത് മുഖ്യമന്ത്രിക്ക് വേറിട്ട ആദരം
നവകേരള സദസ്സിന് മുന്നോടിയായി കൊല്ലത്ത് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്‍. പരമ്പരാഗത വ്യവസായങ്ങളുടെ നാടായ കൊല്ലത്താണ് മുഖ്യമന്ത്രിക്ക് വേറിട്ട കലാപരീക്ഷണത്തിലൂടെ ആദരവ് ഒരുക്കിയത്. നവകേരള സദസ്സിന് മുന്നോടിയായി 30 അടി വിസ്തീർണത്തിൽ കലാകാരൻ ഡാവിഞ്ചി സുരേഷാണ് മുഖ്യമന്ത്രിയുടെ രൂപം തീർത്തത്.
രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പ് ഉപയോഗിച്ചാണ് കൊല്ലം ബീച്ചിൽ കലാരൂപം സൃഷ്ടിച്ചത്. വിവിധ വിഭാഗത്തിലുള്ള പരിപ്പ് വേർതിരിച്ചാണ് കലാസൃഷ്ടിക്ക് ആവശ്യമായ നിറവിന്യാസം തയ്യാറാക്കിയത്. പ്രകൃതി സൗഹൃദ നിർമിതി കൂടിയാണിത്. കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, കേരള കാഷ്യുബോര്‍ഡ്, കെ സി ഡബ്ല്യു ആര്‍ ആന്റ് ഡബ്‌ള്യു എഫ് ബി, കെ എസ് സി എ സി സി എന്നിവ സംയുക്തമായാണ് കലാരൂപത്തിന്റെ സംഘാടനം.
കലാകാരൻ ഡാവിഞ്ചി സുരേഷ്, എം മുകേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.