ദേശീയം
‘ജമ്മു കശ്മീരിന് പരമാധികാരമില്ല’; പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു
ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു.
ഇന്ത്യയുമായുള്ള ജമ്മു കശ്മീരിന്റെ കൂടിച്ചേരല്‍ സുഗമമാക്കാന്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് ഭരണഘടനയുടെ 370ാം അനുഛേദമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. അത് മാറ്റത്തിനു വിധേയമാണ്. ജമ്മു കശ്മീരിന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യേക അവകാശങ്ങളില്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേന്ദ്ര നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പരസ്പരം യോജിക്കുന്ന മൂന്നു വിധിന്യായങ്ങളാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളെയും ചോദ്യം ചെയ്തുള്ള 23 ഹര്‍ജികളാണ്, ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.