ദേശീയം
കൊവിഡ് വ്യാപനം: അടുത്ത 15 ദിവസം നിര്‍ണായകം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അടുത്ത 15 ദിവസം നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. രാജ്യത്തു കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും അടുത്ത 15 ദിവസം നിര്‍ണായകമാണെന്നാണ് രാജേഷ് ഭൂഷണ്‍ അറിയിച്ചത്.
തെരഞ്ഞെടുപ്പുകളും ഉത്സവ സീസണും മൂലമുള്ള തിരക്കിന്റെ പരിണതഫലം ഈ ഘട്ടത്തിലാണ് അറിയാന്‍ സാധിക്കുക. അതുകൊണ്ടാണ് അടുത്ത രണ്ടാഴ്ച നിര്‍ണായകമാകുന്നത്. ജനങ്ങളോട് ജാഗ്രത പാലിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതിദിനം കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം അടുത്ത മാസത്തോടെ പകുതി ആക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിചേര്‍ത്തു
ഇന്ത്യയില്‍ കൊവിഡ് വാക്സിനുകള്‍ പുതുവര്‍ഷത്തില്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിന്‍ ഫെബ്രുവരിയോടെ വിതരണം ചെയ്ത് തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
ഓക്സ്ഫോര്‍ഡ് വാക്സിന്റെ ഇന്ത്യയിലെ ട്രയല്‍ പൂര്‍ത്തിയായി. ഇംഗ്ലണ്ട് അനുമതി നല്‍കിയാല്‍ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.