കേരളം
അന്വേഷണ ഉദ്യോഗസ്ഥന്റെ പിന്മാറ്റം കേസിനെ ബാധിക്കില്ല; മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം ഉടനെന്ന് വനംമന്ത്രി
മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഡിവൈഎസ്പി വി വി ബെന്നിയുടെ പിന്മാറ്റം കുറ്റപത്രം നല്‍കുന്നതിനെ ബാധിക്കില്ല. ചുമതലയില്‍ നിന്ന് മാറ്റണമെന്ന ഉദ്യോഗസ്ഥന്റെ ആവശ്യം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. അതില്‍ കാരണം അന്വേഷിക്കേണ്ടത് വനംവകുപ്പിന്റെ ചുമതലയല്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
മുറിച്ച മരങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഡിഎന്‍എ പരിശോധന അടക്കം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പിന്‍വാങ്ങല്‍. പ്രത്യേക സംഘം രൂപീകരിച്ചപ്പോള്‍ എഡിജിപി എസ് ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് പ്രത്യേക ഉത്തരവിറക്കി ഡിജിപി ബെന്നിയെ അന്വേഷണ ഉദ്യോഗസ്ഥനാക്കുകയായിരുന്നു. പ്രതികള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ബെന്നി ആവശ്യപ്പെട്ടത്.
കേസില്‍ പ്രതികള്‍ക്ക് കുരുക്കാകുകയാണ് മരങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം. കേസിന്റെ അന്വേഷണം ശരിയായ ദിശയിലെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനു പിന്നാലെയാണ് കൂടുതല്‍ കുരുക്ക് മുറുകുന്നത്. പിടിച്ചെടുത്തത് മുറിച്ചു മാറ്റിയ മരങ്ങള്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതായാണ് വനംമന്ത്രി പറയുന്നത്.