കേരളം
‘എനിക്ക് കുഴപ്പമില്ല, അടുത്ത റൂമില്‍ ഡ്രൈവര്‍ പരിക്കേറ്റ് കിടക്കുന്നു ഡോക്ടര്‍ ഒന്നു നോക്കൂ’; ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. ഡോ. ബീന ഉമ്മന്‍ പങ്കുവെച്ച കുറിപ്പില്‍ ഉമ്മന്‍ ചാണ്ടിയെ ഒരു വാഹന അപകടത്തില്‍ പരിക്കേറ്റ സാഹചര്യത്തില്‍ കണ്ട കാര്യമാണ് പങ്കുവെച്ചിരിക്കുന്നത്. 1992ല്‍ നടന്ന സംഭവമാണ് ബീന ഉമ്മന്‍ വിവരിക്കുന്നത്.
അപകടത്തില്‍ പരിക്കേറ്റ ഉമ്മന്‍ ചാണ്ടിയെ കണാനിടയായപ്പോള്‍ ‘എനിക്ക് കുഴപ്പമില്ല, അടുത്ത റൂമില്‍ ഡ്രൈവര്‍ പരിക്കേറ്റ് കിടക്കുന്നു ,ഡോക്ടര്‍ പോയി അദ്ദേഹത്തെ ഒന്നു നോക്കൂ’ എന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അപകടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈയിലെ എല്ലിന് ഒടിവുണ്ടായിരുന്നു. സ്വന്തം പരിക്കിനേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ഡ്രൈവര്‍ക്കേറ്റ മുറിവാണെന്ന് ഉമ്മന്‍ചാണ്ടി സാര്‍ കരുതിയത് അത്ഭുതപ്പെടുത്തിയതായി ഡോക്ടര്‍ ബീന ഉമ്മന്‍ കുറിച്ചു.
പരിക്കുകള്‍ ഭേദമായി ഡോക്ടര്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ടയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഒരിക്കല്‍ കൂടി വന്നതായും ബീന ഉമ്മന്‍ പറയുന്നു. അന്ന് അപകട ദിവസം ഹോസ്പിറ്റലില്‍ കൂടെ ഉമണ്ടായിരുന്നവര് ഹോസ്പിറ്റലിലെ ലാന്‍ഡ് ലൈനില്‍ നിന്ന് ഫോണ്‍ കോളുകള്‍ ചെയ്തതിനുള്ള ബില്ലുകള്‍ അടക്കാനായിരുന്നു എത്തിയത്. ഒരു മന്ത്രിയായിരിക്കെ മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് ഡോക്ടര്‍ ബീന ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഉമ്മൻ ചാണ്ടി സാറിന് പ്രണാമം.
കേരളം കണ്ട ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി ….
ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഉമ്മൻ ചാണ്ടി സാർ ആദ്യമായി മന്ത്രിയായത്. അക്കാലത്ത് മാവേലിക്കര ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ട ഒരു മീറ്റിംഗിൽ വച്ച് സ്റ്റേജിൽ പ്രസംഗിക്കുന്ന ഒരു യുവ നേതാവിന്റെ മുഖമാണ് ആദ്യം ഓർമ്മയിൽ വരുന്നത്. അന്ന് ദൂരെ നിന്നുകൊണ്ട് കണ്ടതിനു ശേഷം വർഷങ്ങൾക്ക് ശേഷം 1992 ൽ അദ്ദേഹത്തെ ഏറ്റവും അടുത്ത് കാണാനുള്ള ഒരു സാഹചര്യം ഉണ്ടായി.
അന്ന് ഞാൻ പത്തനംതിട്ട ജില്ലയിൽ കുളനട എന്ന സ്ഥലത്ത് Medical Trust Hospital ൽ ജോലി ചെയ്യുന്ന സമയം. ഒരു നട്ടുച്ചയ്ക്ക് ഞാൻ റോഡിനരികിലൂടെ നടന്നു പോവുകയായിരുന്നു. എന്നോടൊപ്പം അന്ന് 2 വയസ്സുള്ള എന്റെ മോളും ഞങ്ങൾക്ക് കൂട്ടായുണ്ടായിരുന്ന അമ്മച്ചിയും കൂടെ ഉണ്ടായിരുന്നു. ഞങ്ങളുടെ തൊട്ടു മുന്നിലായിട്ടാണ് റോഡിലൂടെ പാഞ്ഞു പോയ ഒരു കാറും എതിരെ വന്ന ഒരു ടെമ്പോയും തമ്മിൽ കൂട്ടിയിടി ഉണ്ടായത്. ആളുകൾ ഓടി കൂടി , കാറിലുണ്ടായിരുന്നവരെ വലിച്ചു പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതു കണ്ടു. കൂടെയുണ്ടായിരുന്ന അമ്മച്ചിയേയും മോളേയും അടുത്ത വീട്ടിൽ കൊണ്ടിരുത്തിയിട്ട് ഞാൻ ഹോസ്പിറ്റലിലേക്ക് ചെന്നു. ഞാൻ ഡ്യൂട്ടി റൂമിലെത്തുമ്പോൾ കണ്ടത് കയ്യിൽ ഒരു sling ഇട്ടുകൊണ്ട് ഉമ്മൻ ചാണ്ടി സാർ ഒരു couch ൽ ഇരിക്കുകയാണ്. അപ്പോഴാണ് മനസ്സിലായത് ആക്സിഡന്റ് ഉണ്ടായത് മന്ത്രിയുടെ വാഹനത്തിനാണെന്ന്. ഞാൻ എന്തു ചെയ്യണം എന്നറിയാതെ സാറിന് നേരെ നോക്കി.
അദ്ദേഹം വളരെ സൗമ്യനായി എന്നോട് പറഞ്ഞു, “എനിക്ക് കുഴപ്പമില്ല, അടുത്ത റൂമിൽ ഡ്രൈവർ പരിക്കേറ്റ് കിടക്കുന്നു ,ഡോക്ടർ പോയി അദ്ദേഹത്തെ ഒന്നു നോക്കൂ “. ഞാൻ വേഗം അടുത്ത റൂമിലേക്ക് പോയി, അവിടെ ഡ്രൈവറിന്റെ നാവിന് ആഴത്തിൽ മുറിവേറ്റ് ഏതാണ്ട് രണ്ടായി മുറിഞ്ഞ് കിടക്കുന്നതാണ് കണ്ടത്. നാവിലുണ്ടായ മുറിവ് തുന്നി കെട്ടി, അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന മറ്റ് മുറിവുകളും ഡ്രസ് ചെയ്ത് തിരികെ എത്തുമ്പോഴേക്കും ഉമ്മൻ ചാണ്ടി സാറിനെ പന്തളം NSS ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി കഴിഞ്ഞിരുന്നു . ആ ആക്സിഡന്റിൽ അദ്ദേഹത്തിന്റെ കയ്യിലെ എല്ലിന് ഒടിവുണ്ടായിരുന്നു. അന്ന് Medical Trust ഹോസ്പിറ്റലിൽ X-ray എടുക്കാനുള്ള സൗകര്യമോ അസ്ഥിരോഗ വിദഗ്ദനോ ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഹോസ്പിറ്റൽ ഉടമ കൂടിയായ ഡോ. വിജയകുമാർ സാർ , അദ്ദേഹത്തിന്റെ കയ്യിൽ ഒരു ടling ഇട്ടതിനു ശേഷം വിഗദ്ധ ചികിത്സയ്ക്കായി റഫർ ചെയ്ത് അയച്ചത്. സ്വന്തം പരിക്കിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ഡ്രൈവർക്കേറ്റ മുറിവാണെന്ന് ഉമ്മൻചാണ്ടി സാർ കരുതിയത് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ചികിത്സ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച ശേഷം ഒരു ദിവസം ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് കടന്നുവന്നു.
അദ്ദേഹം വിജയകുമാർ ഡോക്ടറെ കണ്ട് ഒരു കാര്യം ആവശ്യപ്പെട്ടത് ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി . അന്ന് അദ്ദേഹം അവിടേക്ക് വന്നത്, താൻ ഹോസ്പിറ്റലിൽ പരിക്കേറ്റ് വന്ന ദിവസം കൂടെ വന്നവർ ഹോസ്പിറ്റലിലെ Landline ഫോണിൽ നിന്നും കുറെയധികം കോളുകൾ വിളിച്ചിരുന്നു. ആ ഫോൺ ബില്ലുകൾ അടയ്ക്കാനുള്ള പണം ഏൽപിക്കാൻ വേണ്ടിയായിരുന്നു. ഒരു മന്ത്രിയായിരിക്കെ മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കാൻ അദ്ദേഹം താൽപര്യപ്പെട്ടിരുന്നില്ല. സാറിന്റെ ആ ആവശ്യം വിജയകുമാർ സാർ സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു, ഈ ഫോൺ ബില്ലിന്റെ പേരിൽ ഞങ്ങൾ ഒരിക്കലും മന്ത്രിയെ ബുദ്ധിമുട്ടിക്കില്ല. ഉമ്മൻചാണ്ടി സാറിനെപ്പോലെ തന്നെ വളരെയധികം നന്മകളുള്ള ഒരു മഹത് വ്യക്തിയാണ് ഡോ. വിജയകുമാർ സാർ. ഇനിയും ഒരുപാട് കാര്യങ്ങൾ ഉമ്മൻ ചാണ്ടി സാറിനെ ഓർക്കുമ്പോൾ മനസ്സിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരുപാട് സ്വഭാവ സവിശേഷതകളുള്ള ഒരു നല്ല നേതാവിനെയാണ് ഉമ്മൻ ചാണ്ടി സാറിന്റെ വേർപാടിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്.