ദേശീയം
ആറുപേരുമായി ഹെലികോപ്റ്റര്‍ എവറസ്റ്റിന് സമീപം തകര്‍ന്നുവീണു
അഞ്ച് വിദേശികള്‍ ഉള്‍പ്പടെ ആറ് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം ലംജുറയില്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്റർ 9N-AMV ആണ് തകര്‍ന്നുവീണത്.
സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. യാത്രയാരംഭിച്ച് പതിനഞ്ചം മിനിറ്റില്‍ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധവും നഷ്ടമായിരുന്നു. ഭകഞ്ചെ ഗ്രാമത്തിലെ ലംജുരയിലെ ചിഹന്ദണ്ടയില്‍ നിന്ന് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
മെക്‌സിക്കയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വലിയ സ്ഫോടനത്തോടെ ഹെലികോപ്റ്റര്‍ തകര്‍ന്നതായും അപകടസ്ഥലത്ത് നിന്ന് തീ പടരുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
1997-ൽ സ്ഥാപിതമായ മാനംഗ് എയർ കാഠ്മണ്ഡു ആസ്ഥാനമായുള്ള ഹെലികോപ്റ്റർ എയർലൈനാണ്. നേപ്പാളിലെ റെഗുലേഷൻ ഓഫ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിൽ നേപ്പാളിനുള്ളിൽ വാണിജ്യ വ്യോമഗതാഗതത്തിനാണ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്. കമ്പനി ചാർട്ടേഡ് സേവനങ്ങൾ നൽകുകയും സാഹസിക, ഉല്ലാസയാത്രകൾക്ക് ഹെലികോപ്ടറുകൾ വിട്ടുനൽകാറുണ്ടെന്നും അധികൃതർ അറിയിച്ചു.