കേരളം
കൊലപാതകക്കേസിലെ അപ്പീൽ കോടതിയില്‍,തൊണ്ടിമുതൽ നശിപ്പിക്കാൻ ജില്ലാജഡ്ജിയുടെ ഉത്തരവ്,റിപ്പോര്‍ട്ട്തേടി ഹൈക്കോടതി
കൊലപാതകക്കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരായ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കെ തൊണ്ടിമുതൽ നശിപ്പിക്കാൻ ഉത്തരവിട്ട ജില്ലാ ജഡ്ജിയോട് ഹൈക്കോടതി റിപോർട്ട് തേടി. കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകളാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് നശിപ്പിക്കുന്നത്. പ്രതികളെ വെറുതെ വിട്ട കേസിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ തൊണ്ടി മുതൽ നശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യ നൽകിയ ഉപഹർജിയിലാണ് നടപടി.
തൊണ്ടിസാധനങ്ങൾ നശിപ്പിക്കാനുള്ള വിചാരണക്കോടതിയുടെ നിർദ്ദേശം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്തു. ഇനി അഥവാ ഇവ നശിപ്പിച്ചെങ്കിൽ എന്നാണെന്ന് വ്യക്തമാക്കി ജില്ലാ ജഡ്ജി റിപ്പോർട് നൽകണം. തൊണ്ടിമുതലുകൾ അപ്പീൽ കാലാവധിയായ അറുപത് ദിവസം വരെ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ പ്രതികളെ വെറുതെവിട്ടതിനെതിരെ കൊല്ലപ്പെട്ട ജോസിന്‍റെ ഭാര്യ ഇരുപത്തിയഞ്ചാം ദിവസം അപ്പീൽ നൽകിയിട്ടും തൊണ്ടിമുതൽ നശിപ്പിക്കാൻ നിർദേശിച്ചതിലാണ് ഹൈക്കോടതിയ്ക്ക് അതൃപ്തി.