Uncategorized
അരിക്കൊമ്പനെ ശങ്കരപാണ്ഡ്യ മേട്ടിൽ കണ്ടെത്തി, ദൗത്യ മേഖലയ്ക്ക് സമീപം എത്തിക്കാനുള്ള ശ്രമത്തിൽ വനംവകുപ്പ്
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യ മേട്ടിലെ ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാട്ടുകാരാണ് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട് ഭാഗത്ത് വൈകീട്ട് അഞ്ചുമണിയോടെയാണ് കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു.ദൗത്യ മേഖലയ്ക്ക് ,സമീപം ആനയെ എത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
അരിക്കൊമ്പൻ കൂട്ടംവിടാൻ കാരണം ചക്കക്കൊമ്പന്റെ സാന്നിദ്ധ്യമാണെന്നാണ് വനംവകുപ്പ് പറയുന്നത്. ചക്കക്കൊമ്പന് മദപ്പാട് തുടങ്ങി. മദപ്പാടുള്ള ആന കൂട്ടത്തിലേക്ക് വന്നാൽ ഇവിടെയുള്ള കൊമ്പൻ കൂട്ടം വിടുന്നതാണ് പതിവെന്ന് അധികൃതർ വിശദമാക്കുന്നു. അരിക്കൊമ്പൻ കൂട്ടംവിടുകയും ചക്കക്കൊമ്പൻ കൂട്ടത്തിനൊപ്പം ചേരുകയുമായിരുന്നു. അരിക്കൊമ്പന് മദപ്പാട് കാലം കഴിഞ്ഞെന്നും വനംവകുപ്പ് അറിയിച്ചു.
നേരത്തെ സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പൻ ഉണ്ടെന്ന നിഗമനത്തിൽ ദൗത്യസംഘമെത്തിയെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. കാട്ടാനക്കൂട്ടത്തോടൊപ്പം ചക്കക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞതോടെ അരിക്കൊമ്പനായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇന്നത്തെ തെരച്ചിൽ നിർത്തി നാളെ എട്ട് മണിയോടെ ദൗത്യമാരംഭിക്കാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. അതിനിടെയാണ് അരിക്കൊമ്പനെ കണ്ടെത്തിയത്.
പുലർച്ചെ 4.30ന് ദൗത്യം ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ ദൗത്യ സംഘത്തിന് സാധിച്ചിരുന്നില്ല, അരിക്കൊമ്പനെ പിടികൂടി ചിന്നക്കന്നാലിൽ നിന്ന് കൊണ്ട് പോകുന്നതിനായി പ്രത്യേക വാഹനമാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. യുക്കാലി തടി ഉപയോഗിച്ചുള്ള കൂടും അരിക്കൊമ്പനെ വലിച്ചു കയറ്റാനുള്ള ക്രെയ്ൻ സംവിധാനവും വാഹനത്തിലുണ്ട്. ആഴ്ചകൾ നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് ഇന്ന് തുടക്കമായത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിനായി ഇറങ്ങിയത്.