കേരളം
വൈദ്യുതി വിതരണത്തിന് സ്വകാര്യകമ്പനികൾ; വിവാദ ബിൽ ലോക് സഭയിൽ
വൈദ്യുതി വിതരണമേഖലയിൽ സ്വകാര്യകമ്പനികൾക്കും അവസരം നൽകുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കർഷക സംടനകളും പ്രതിപക്ഷവും ശക്തമായി എതിർപ്പ് തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ടുപോകുന്നത്. അതിനിടെ ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികൾ ദേശവ്യാപകമായി ഇന്ന് പണിമുടക്കും.
ഊർജമേഖലയിൽ മത്സരക്ഷമത കൊണ്ടുവരാനും ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കമ്പനികളെ തിരഞ്ഞെടുക്കാനും അവസരമുണ്ടാക്കുന്നതാണ് നിയമഭേദഗതി എന്നാണ് സർക്കാർ വാദം. വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണം, വിൽക്കൽ വാങ്ങലുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനായി കൊണ്ടുവന്ന 2003-ലെ വൈദ്യുതിനിയമത്തിൽ ഭേദഗതി വരുത്താനാണ് ബിൽ കൊണ്ടുവരുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഹരിതോർജത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് സർക്കാർ പറയുന്നു. ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരിൽനിന്ന് വൈദ്യുതി വാങ്ങാമെന്നും സർക്കാർ അവകാശപ്പെടുന്നു.
സ്വകാര്യകമ്പനികൾക്ക് വൻ ലാഭമുണ്ടാക്കാനവസരം നൽകുകയും കർഷകർക്കും സാധാരണക്കാർക്കുമുള്ള വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഒരുവർഷം നീണ്ട കർഷകസമരത്തിലെ ആവശ്യങ്ങളിലൊന്ന് ഈ ബില്ലുമായി മുന്നോട്ടുപോകരുതെന്നായിരുന്നു. ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്യാതെ ബില്ലവതരിപ്പിക്കില്ലെന്ന് സർക്കാർ എഴുതിനൽകിയെങ്കിലും ഉറപ്പ് പാലിച്ചില്ലെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിക്കുന്നു. ബില്ലവതരിപ്പിച്ചാലുടൻ രാജ്യവ്യാപക പ്രതിഷേധം നടത്താൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.
രാജ്യവ്യാപക പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം. കേരളത്തിലും ആവശ്യസേവനങ്ങൾക്ക് മാത്രമേ കെഎസ്ഇബി ജീവനക്കാരെത്തൂ. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമർശനം. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്ഡ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ന് ദേശവ്യാപക പ്രക്ഷോഭം.
ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികൾ ഇന്ന് ഓഫീസുകളിലേക്ക് എത്തില്ല. കേരളത്തിലും വൈദ്യുതി ഉത്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള ഓഫീസ് ജോലികൾ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങൾ മാത്രം ലഭ്യമാക്കും. സെക്ഷൻ ഓഫീസുകളും ഡിവിഷൻ ഓഫീസുകളും കേന്ദ്രീകരിച്ച് ധർണ സംഘടിപ്പിക്കും. ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കിൽ സമരം കടുപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.